കായംകുളം : ശക്തമായ മഴയിൽ കായംകുളത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും സമീപ പഞ്ചായത്തുകളിലുമായി 400 ലധികം വീടുകളിൽ വെള്ളം കയറി. റോഡുകളും വെള്ളത്തിനടിയിലായി.നഗരത്തിന്റെ മിക്ക പ്രദേശങ്ങളും കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

മഴക്കു ശമനമില്ലങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. നഗരസഭ പടിഞ്ഞാറൻ വാർഡുകൾ,പെരുങ്ങാല, റെയിൽവേ സ്റ്റേഷനുകിഴക്കുവശം,കൃഷ്ണപുരം, പുള്ളിക്കണക്ക്, മേനാത്തേരി ,കൊറ്റുകുളങ്ങര, ഒതനാക്കുളം,പുളിമുക്ക്, വേരുവള്ളി ഭാഗം,ഐക്യജംക്‌ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും വീടുകളുമാണ് വെള്ളത്തിലായത്.

മലയൻ കനാലും, മുണ്ടകത്തിൽ തോടും,കരിപ്പുഴ തോടും കരവിഞ്ഞ് ഒഴുകയാണ്. ഐക്യ ജംഗ്ഷഷൻ കൊച്ചു പള്ളി ഭാഗം, മംഗലത്തു തറ ഭാഗങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി. പത്തിയൂർ, കണ്ടല്ലൂർ,ദേവികുളങ്ങര, കൃഷ്ണപുരം, പഞ്ചായത്തുകളും മഴക്കെടുതിയിൽ ദുരിതത്തിലാണ്.