 30 പേർക്ക് കൊവിഡ് പോസിറ്റിവ്

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്തിൽ വീണ്ടും ആശങ്ക. കൊവിഡ് ബാധിച്ച് യുവാവ് മരിക്കുകയും കൊവിഡ് പരിശോധന നടത്തിയവരിൽ 30 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി 104 പേർക്കാണ് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് സമ്പർക്ക വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.

പഞ്ചായത്തും പൊലീസ് അധികൃതരും കാട്ടുന്ന അനാസ്ഥതയും ഉദാസീനതയുമാണ് രോഗ വ്യാപനം ഉയരാൻ കാരണമെന്നാണ് ആക്ഷേപം.ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനം മാത്രമാണ് ഇവിടെ നടക്കുന്നത്. പഞ്ചായത്ത് ഉണർന്ന് പ്രവർത്തിക്കാത്തതിനെതിരെ ജനരോഷം ഉയരുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആഷയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ കാര്യക്ഷമമായ പ്രവർത്തനമാണ് നടത്തുന്നത്. ജീവനക്കാരുടെ അഭാവവും പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. തീരപ്രദേശങ്ങളിൽ ഉൾപ്പെടെ ഉണ്ടാകുന്ന കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ നിരീക്ഷിക്കാൻ പൊലീസിന് കഴിയാത്തതും കടക്കരപ്പള്ളിയെ രോഗ വ്യാപന സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നു.ആരോഗ്യ വകുപ്പുമായി ചേർന്ന് മറ്റ് വകുപ്പുകളും കാര്യക്ഷമമായ പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.