t

ആലപ്പുഴ: 'മുടിയനായ പുത്രൻ' നാടകത്തിന് കെ.പി.എ.സിയുടെ അവസാന ബുക്കിംഗ് മാർച്ച് 12നായിരുന്നു. കൊല്ലത്തായിരുന്നു വേദി. ശാരദയാകുന്ന നടി ചാരുംമൂട് സ്വദേശി സ്നേഹ സമിതിയിലേക്കു പുറപ്പെട്ടിരുന്നു. ഓഫീസിൽ നിന്നൊരു വിളി. കൊവിഡ് വട്ടം ചാടി. പിന്നീട് വേദിയിൽ കയറേണ്ടി വന്നിട്ടില്ല.

പകൽ പന്തളം എൻ.എസ്.എസ് കോളേജിൽ വിദ്യാർത്ഥിനി. രാത്രി കെ.പി.എ.സിയിൽ തോപ്പിൽ ഭാസിയുടെയും ബഷീറിന്റെയുമൊക്കെ കഥാപാത്രങ്ങൾ; ഒരു വേദിക്ക് 1,​400 രൂപ പ്രതിഫലം. അതു കൊണ്ടാണ് ബി. എ പൊളിറ്റിക്സിന് പഠിച്ചത്. ഡിഗ്രി കഴിഞ്ഞ് തുടർ‌പഠനം ആഗ്രഹിക്കുമ്പോഴാണ് കൊവിഡിന്റെ വരവ്.

പത്ത് വർഷം മുമ്പ് ഒ.എൻ.വിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിൽ വേഷമിട്ടാണ് കെ.പി.എ.സിയിലെ തുടക്കം.

 മാസ്‌ക് വഴികാട്ടി

ആശങ്കയിൽ കഴിയുമ്പോഴാണ് കെ.പി.എ.സിയുടെ മാസ്‌ക് നിർമ്മാണം. സ്നേഹയും തയ്യൽ വശമാക്കി. ദിവസം 300 മാസ്‌ക് തുന്നും. ഒന്നിന് രണ്ടര രൂപ പ്രതിഫലം.

മാർച്ച് 11ന് ഗുരുവായൂരിൽ 'മഹാകവി കാളിദാസൻ' നാടകത്തിന് തിരശീല വീണതോടെ വേദിയിൽ പ്രകാശവിതാനം നിർവഹിക്കുന്ന വസിഷ്ഠന്റെ ജീവിതവും ഇരുട്ടിലായെങ്കിലും കെ.പി.എ.സിയിലെ തുന്നൽ പണി വെളിച്ചമായി. അങ്ങനെ നിരവധിപേർ....

​  മാസ്‌ക് ഒരു ലക്ഷത്തോളം

സമിതിയിലെ 40 ഓളം അംഗങ്ങൾക്ക് കൈത്താങ്ങായാണ് മാസ്‌ക് നിർമ്മാണം തുടങ്ങിയത്.മാസ്‌കിന്റെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. സമിതി അംഗങ്ങളല്ലാത്തവരും തയ്യലിനുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യക്കാരായി. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ഒരു ലക്ഷത്തിന്റെ വില്പന ഏറ്റു. 10 മുതൽ 25 രൂപ വരെയുള്ള മാസ്‌ക്ക് നിർമ്മിക്കുന്നു.തുണി മൊത്തമായി വാങ്ങും.

''നിരവധി പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമുണ്ട് കെ.പി.എ.സിക്ക്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ ജനങ്ങളിലേക്ക് ആ സന്ദേശം എത്തിക്കാൻ കൂടിയാണ് മാസ്‌ക് തുന്നൽ''

അഡ്വ.ഷാജഹാൻ,

സെക്രട്ടറി, കെ.പി.എ.സി