t

ആലപ്പുഴ: കാലവർഷം മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സുസജ്ജമാണെന്നു കളക്ടർ എ. അലക്സാണ്ടർ വ്യക്തമാക്കി. ദുരന്തനിവാരണ അതോറിട്ടിയും ബന്ധപ്പെട്ട വകുപ്പുകളും ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം സ്വീകരിച്ചു.

അടിയന്തര സാഹചര്യത്തിൽ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ മാറ്റി പാർപ്പിക്കാൻ ബോട്ടുകൾ, ബാർജുകൾ തുടങ്ങിയവ സജ്ജീകരിച്ചു കഴിഞ്ഞു. പമ്പ ഡാം തുറന്നു വിട്ടതിന്റെ പശ്ചാത്തലത്തിൽ പമ്പ, അച്ചൻകോവിൽ നദീതീരങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെങ്ങന്നൂർ അടക്കമുള്ള കിഴക്കൻ മേഖലകളിലേക്ക് അവശ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിന് മത്സ്യ ബന്ധന വള്ളങ്ങൾ, ടിപ്പർ ലോറികൾ, ടോറസുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി.

കുട്ടനാട്ടിലെ പ്രത്യേക സാഹചര്യം മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. കുട്ടനാട്ടിലെ കിടപ്പ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഏറെ കരുതലോടെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പ്രവർത്തനങ്ങളെന്നും ഏറെ ജാഗ്രതയോടെ ജനങ്ങൾ സാഹചര്യങ്ങളെ കാണണമെന്നും കളക്ടർ അറിയിച്ചു.