കണ്ടെയ്ൻമെന്റ5് സോണുകളുടെ എണ്ണം കൂടുന്നു
ആലപ്പുഴ: ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നു. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. പരിശോധനയും കർശന നടപടിയുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്തുണ്ടെങ്കിലും രോഗവ്യാപനം കൂടുന്നത് ആശങ്കയുളവാക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകടകരമായ സഹചര്യത്തിലേക്കു നയിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം വിലയിരുത്തി.
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ജില്ലയിൽ ഓരോദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ജില്ലയുടെ വടക്കൻ മേഖലയിലാണ് സമ്പർക്കരോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. കെ.എസ്.ഡി.പി ചെയർമാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.ബി ചന്ദ്രബാബുവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. സമ്പർക്ക രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനയുടെ ചുമതല പൊലീസിന് നൽകിയിരുന്നു. എല്ലാ സ്റ്റേഷൻ പരിധിയിലും നിശ്ചിത കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി പന്തൽ കെട്ടിയെങ്കിലും എങ്ങും കാര്യമായ പരിശോധന നടക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചത്തെ സമ്പർക്കരോഗികളുടെ പട്ടിക പരിശോധിച്ചാൽ ചെട്ടികാട്, പള്ളിപ്പാട്, ആലപ്പുഴ നഗരസഭ, കടക്കരപ്പള്ളി, ചേർത്തല എന്നിവിടങ്ങളുലാണ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുള്ളത്. പള്ളിപ്പാട്ട് മത്സ്യ വില്പനക്കാരനിൽ നിന്നാണ് രോഗം പകർന്നത്. കഴിഞ്ഞ ദിവസം ഹരിപ്പാട്ടെ ഒരു ഹോട്ടലിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കതായി. ജനങ്ങൾ കൂടുതലായി എത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി എന്നിവയുടെ സമീപത്താണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഹോട്ടലിൽ എത്തിയവർ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും ആരോഗ്യ വകുപ്പ് നടത്തുന്നില്ലെന്ന് ആരോപണമുണ്ട്.
കാലവർഷം ശക്തമായതോടെ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു. ആലപ്പുഴ നഗരത്തിൽ സമ്പർക്കവ്യാപനം തടയുന്നതിനായി വഴിച്ചേരി മാർക്കറ്റ് പൂർണ്ണമായും നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ നേതൃത്വത്തിൽ അടച്ചു. മറ്റ് മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.
.................................................
# നിയന്ത്രണങ്ങൾ ഇങ്ങനെ
വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ
ഹോട്ടലുകളിൽ ഭക്ഷണം രാത്രി 9 വരെ പാഴ്സലായി വിതരണം ചെയ്യാം
ജില്ലയിൽ ഒരു സ്ഥലത്തും ആളുകൾ കൂട്ടം കൂടരുത്
റോഡിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും
ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ കേസ്
...............................................
# പുതിയ കണ്ടെയിൻമെന്റ് സോണുകൾ
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 48 (വാടക്കനാൽ), വയലാർ പഞ്ചായത്തിലെ വാർഡ് മൂന്ന്, തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 21, പുറക്കാട് പഞ്ചായത്തിലെ വാർഡ് 18.
# ഒഴിവാക്കി
രോഗവ്യാപനം നിയന്ത്രണ വിധേയമായതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താമരക്കുളം പഞ്ചായത്തിലെ വാർഡ് 1, 2, ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 23, പുറക്കാട് പഞ്ചായത്തിലെ വാർഡ് 5,16, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 45 (പാലസ് വാർഡ് ) എന്നിവയെ കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.