അമ്പലപ്പുഴ: ആചാരപ്പെരുമയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങ് നടന്നു. ഇന്നലെ രാവിലെ 5.45 നും 6.15 നു ഇടയിലായിരുന്നു ചടങ്ങ്. കാർഷിക വിളകളുടെ ആദ്യ ഫലം ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണിത്.
നെൽക്കതിർ, ഇല്ലി, നെല്ലി, പ്ലാവിൻ ചമത, ദശപുഷ്പം എന്നിവ കൂട്ടിക്കെട്ടി കിഴക്കേ മണ്ഡപത്തിൽ വച്ചു. മേൽശാന്തി എസ്. യദു കൃഷ്ണൻ നമ്പൂതിരിയും കീഴ്ശാന്തിമാരും ചേർന്ന് കതിർക്കെട്ടുകളുമായി നാലമ്പലത്തെ വലംവച്ച് ശ്രീ കോവിലിന് മുന്നിലെ മണ്ഡപത്തിൽ സമർപ്പിച്ചു.തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി മഹാലക്ഷ്മി പൂജ നടത്തി കതിർക്കെട്ട് ഭഗവാന് സമർപ്പിച്ച ശേഷം ശ്രീകോവിലിനും ഉപദേവാലയങ്ങൾക്കു മുന്നിൽ കെട്ടിത്തൂക്കി. തുടർന്ന് ഇവ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.