അമ്പലപ്പുഴ: കൊവിഡ് മൂലം തൊഴിൽ പൂർണ്ണമായും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക, കരിമണൽ ഖനനം അവസാനിപ്പിക്കുക, കടൽഭിത്തി കെട്ടി തീരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പുന്നപ്ര എ.കെ.ഡി.എസ് 51-ാം നമ്പർ കരയോഗം ഓഫീസിൽ സത്യാഗ്രഹം നടത്തി.
പ്രളയത്തിന്റേയും കൊവിഡിന്റേയും മറവിൽ തോട്ടപ്പള്ളിയിൽ നടന്ന കരിമണൽ ഖനനം കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമായിരുന്നെന്ന് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആരോപിച്ചു. കരയോഗം പ്രസിഡന്റ് അഖിലാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ്, സെക്രട്ടറി ആർ.സജിമോൻ,കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി.കളത്തിൽ, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ്, ഡി. ഭുവനേശ്വരൻ, എ. അനീഷ്,കൃഷ്ണപ്രിയ, ഷിബി തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു.