t

ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ ഇടിച്ചുകയറ്റവും മൂലം കുട്ടനാട്ടും ജില്ലയുടെ തെക്കു കിഴക്കൻ മേഖലകളും മുങ്ങുന്നു,. പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് ജില്ല.

മടവീഴ്ച മൂലം കുട്ടനാട്ടിൽ എട്ട് പാടശേഖരങ്ങളിലെ 600 ഏക്കർ കൃഷി നശിച്ചു. 40 മുതൽ 65 ദിവസം വരെ പ്രായമുള്ള നെൽ ചെടികളാണ് നശിച്ചത്. രണ്ട് കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പമ്പാനദിയുടെ തീരമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാമങ്കരി വേഴപ്രയിൽ കനാലിൽ വീണ് കാണാതായ സരസ്വതിയെ (70) കണ്ടെത്താനായില്ല.തെരച്ചിൽ നിറുത്തിയിരിക്കുകയാണ്. ചെങ്ങന്നൂർ പടിഞ്ഞാറൻ പ്രദേശവും മാവേലിക്കരയുടെ വടക്കൻ മേഖലകളും വെള്ളത്തിലായി. കുട്ടനാട്ടിൽ കാവാലം, കൈനകരി ഭാഗങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലാണ്.മഴ ഇതേപോലെ തുടർന്നാൽ കുട്ടനാട് മുങ്ങും.

ജില്ലയിൽ ഇന്നലെ രണ്ടു വീട് പൂർണ്ണമായും 46 വീടുകൾ ഭാഗികമായും തകർന്നു. കാർത്തികപ്പള്ളി,മാവേലിക്കര താലൂക്കുകളിൽ ഓരോ വീട് പൂർണ്ണമായും തകർന്നു. കാർത്തികപ്പള്ളിയിൽ 35ഉം മാവേലിക്കര, അമ്പലപ്പുഴ രണ്ടുവീതവും ചേർത്തലയിൽ ഏഴും വീടുകളും ഭാഗികമായും തകർന്നു.

 കൃഷിനാശം വ്യാപകം

തകഴി പഞ്ചായത്തിലെ കോനാട്ടുകരി, കൈനകരി പഞ്ചായത്തിലെ വലിയതുരുത്ത്, വാവക്കാട് വടക്ക്, ഗൊവേന്ദ, ആലപ്പുഴ നഗരത്തിലെ കൊമ്പുകുഴി, കരിവേലി, പാണ്ടിനകം,കന്നിട്ട ഉൾപ്പെടെയുള്ള പാടശേഖരങ്ങളാണ് മടവീണത്. പമ്പാ ഡാം തുറക്കുന്ന വെള്ളം കൂടി എത്തുമ്പോൾ മടവീഴ്ചയ്ക്ക് കൂടുമോ എന്ന ആശങ്കയിലാണ് കർഷകർ. 70 ഏക്കർ വിസ്തൃതിയുള്ള കോനാട്ടുകരി പാടശേഖരത്തിൽ 65 ദിവസം പ്രായമായ നെൽചെടിയാണ് നശിച്ചത്. മോട്ടോർ തറയുടെ ഭാഗത്ത് 15 മീറ്റർ നീളത്തിൽ പുറം ബണ്ട് തകർന്നു. 40 ദിവസം പ്രായമായ നെൽചെടിയുള്ള 120 ഏർക്കർ വരുന്ന കൈനകരി വലിയ തുരുത്ത് പാടശേഖരത്തിലും 200ഏക്കറുള്ള വാവക്കാട് വടക്ക് ഉൾപ്പെടെയുള്ള പാടശേഖരത്തിലും കൃഷിനാശം സംഭവിച്ചു. ഏക്കറിന് 25,000 രൂപ ചെലവഴിച്ചാണ് വിളവിറക്കിയത്. പുറം ബണ്ടുകളിൽ താമസിക്കുന്ന വലിയ തുരുത്ത് പാടത്തെ 250ഉം വാവക്കാട് വടക്ക് പാടശേഖരത്തിലെ 200 ഉം കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കുട്ടനാട്ടിൽ 12,500ഹെക്ടർ സ്ഥലത്താണ് രണ്ടാം കൃഷി ഇറക്കിയിട്ടുള്ളത്.

 ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇന്നലെ ഉച്ചയോടെ കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിവച്ചു.ആലപ്പുഴ ഡിപ്പോയിൽ നിന്ന് മങ്കൊമ്പ് ബ്ളോക്ക് ജംഗ്ഷൻ വരെ ബസുകൾ ഓടുന്നുണ്ടെങ്കിലും റോഡിൽ ജലനിരപ്പ് ഉയർന്നതോടെ സർവീസ് നിറുത്തുകയായിരുന്നു, പ്രദേശവാസികളുടെ അഭ്യ‌ർത്ഥന മാനിച്ച് വൈകിട്ട് മങ്കൊമ്പ് വരെ രണ്ട് സർവീസുകൾ നടത്തി.ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ആലപ്പുഴയ്ക്കും സർവീസുകൾ നടന്നില്ല.

ജലഗതാഗത വകുപ്പ് എല്ലാ ബോട്ട് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്തില്ലെങ്കിലും പുളിങ്കുന്ന്, കാവാലം, നെടുമുടി മേഖലകളിലെ ആൾക്കാർക്ക് മറ്രു പ്രദേശങ്ങളിലേക്ക് മാറാൻ കൂടുതൽ സർവീസുകൾ നടത്തി. കെ.സി പാലത്തിലേക്ക് ആൾക്കാരെ എത്തിക്കാൻ രണ്ട് ബോട്ടുകളും നിയോഗിച്ചു. വലിയ തുരുത്ത്, വാവക്കാട് പാടശേഖരങ്ങളുടെ പുറം ബണ്ടിലെ താമസക്കാരുടെ സൗകര്യാർത്ഥം രണ്ട് ബോട്ടുകൾ സർവീസിനയച്ചു. കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം വേണ്ടിവന്നാൽ ഉപയോഗപ്പെടുത്താൻ ആലപ്പുഴ ബോട്ട്ജെട്ടിയിലെ റെസ്ക്യു ബോട്ടിന് പുറമെ മുഹമ്മയിലേതും എത്തിച്ചു.

...................................

 കരുതിവയ്ക്കണം കുടിവെള്ളം

അമ്പലപ്പുഴ: പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കെ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ വിതരണം ഏതു സമയവും നിറുത്തി വയ്ക്കേണ്ടി വരുമെന്ന് വാട്ടർ സപ്ലൈ പ്രോജക്ട് അസിസ്റ്റൻ്റ് എൻജിനിയർ മുന്നറിയിപ്പ് നൽകി. പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 50 മീറ്റർ കൂടി ജലനിരപ്പ് ഉയരുകയാണെങ്കിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം ശേഖരിക്കുന്ന ചെങ്ങന്നൂർ കടപ്ര പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനം ഏതു നിമിഷവും നിറുത്തേണ്ടിവരും.ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലും ജലവിതരണം നിലയ്ക്കും. ഈ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ കുടിവെള്ളം പരമാവധി ശേഖരിച്ചു വെച്ചു മിതമായി ഉപയോഗിക്കണമെന്ന് എൻജിനിയർ അറിയിച്ചു.