ആലപ്പുഴ: ആലപ്പുഴ ഫയർസ്റ്റേഷനിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഫയർ ഓഫീസർ ഉൾപ്പെടെ 45ജീവനക്കാർ ഇന്നലെ മുതൽ നിരീക്ഷണത്തിലായി.

88 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതോടെ കാലവർഷത്തിലെ രക്ഷാപ്രവർത്തനത്തിന് ജില്ലാ ഫയർ ഓഫീസിൽ ജീവനക്കാർ കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നു. 20 ദിവസം മുമ്പ്, തിരുവനന്തപുരം സ്വദേശിയായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതെനെ തുടർന്ന് 20 ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നിരീക്ഷണ കാലാവധി രണ്ട് ദിവസം മുമ്പാണ് കഴിഞ്ഞത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനോടൊപ്പം കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങളിൽ ജോലിനോക്കിയ ജില്ലാ ഫയർ ഓഫീസർ, സ്റ്റേഷൻ ഓഫീസർ അസി.ഫയർ ഓഫീസർ ഉൾപ്പെടെയുള്ള 45 ജീവനക്കാരാണ് ഇന്നലെ നിരീക്ഷണത്തിലായത്. ഇതോടെ ഒരു ഷിഫ്റ്റിൽ 10 ജീവനക്കാരായി ചുരുങ്ങി.