ചേർത്തല: ആതുര സേവന രംഗത്ത് അരനൂറ്റാണ്ടിലേറെ മികവിന്റെ മുദ്ര പതിപ്പിച്ച ഡോ.രാധമ്മയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്, നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സ്മാർട്ട് ടി.വി വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാലിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ 32 ഇഞ്ചിന്റെ 9 ടി.വികളാണ് വിതരണം ചെയ്തത്.വിതരണോദ്ഘാടനം ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് പാർട്ണർ വി.വി.പവിത്രൻ നിർവഹിച്ചു. ജൂലായ് 28നായിരുന്നു ഡോ. രാധമ്മയുടെ ഒന്നാം ചരമ വാർഷികം. കൊവിഡ് ഭാഗമായി താലൂക്ക് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഡോ.വിനോദ്കുമാർ,പി.മഹാദേവൻ,ഡോ.അശ്വതി രാജ,ഷീല വിനോദ്,നിഷാറാണി മഹാദേവൻ,ജസ്റ്റീസ് രാജ വിജയരാഘവൻ എന്നിവർ പങ്കെടുത്തു.