ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ആചാരം മാത്രമായി നടന്നു. പുലർച്ചെ 5.50നും 6.20നും മദ്ധ്യേയാണ് ചടങ്ങുകൾ നടന്നത്. രാജഭരണ കാലം മുതൽ നിറപുത്തരി ആഘോഷം നടക്കുന്ന സംസ്ഥാനത്തെ ഏക ട്രഷറിയാണ് ഹരിപ്പാട് സബ് ട്രഷറി.
പള്ളിപ്പാട് കറുകയിൽ പത്മകുമാറിന്റെ പുരയിടത്തിൽ പള്ളിപ്പാട് വാസുദേവൻ കൃഷി ചെയ്ത 5 കറ്റ നെൽക്കതിർ പുത്തരിക്കായി ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ നെൽക്കതിരുകൾ പുലർച്ചെ 5.30 ന് മുൻപ് കിഴക്കേ ആൽത്തറയിൽ എത്തിച്ചു. അവിടെ നിന്നു ക്ഷേത്ര പ്രദക്ഷിണം ചെയ്ത് ബലിക്കൽ പുരയിൽ സമർപ്പിച്ചു. തുടർന്ന് ശുദ്ധി ചെയ്ത് ക്ഷേത്രം മേൽശാന്തി പത്മനാഭൻ സന്തോഷിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനുളളിൽ എത്തിച്ച് പൂജയ്ക്ക് ശേഷം വിഗ്രഹത്തിന്റെ പാദത്തിൽ സമർപ്പിക്കുകയും കതിർക്കുലകൾ ശ്രീകോവിലിന് മുന്നിൽ കെട്ടിത്തൂക്കുകയും ചെയ്തു. പന്തീരടി പൂജയ്ക്ക് ശേഷം നെൽക്കതിരുകൾ ട്രഷറിയിൽ എത്തിച്ചു. എല്ലാ വർഷവും ആനപ്പുറത്താണ് നെൽക്കതിരുകൾ എത്തിക്കുന്നതെങ്കിലും ഇത്തവണ ആനയെ ഉപയോഗിച്ചില്ല. ക്ഷേത്രത്തിൽ നിന്നെത്തിച്ച നെൽകതിർ ആചാരപരമായി പുതിയ റവന്യു ടവറിന് മുൻപിൽ വച്ച് നഗരസഭ ചെയർപേഴ്സൺ പട്ട് സമർപ്പിച്ച് സ്വീകരിച്ചു. ട്രഷറി ഓഫീസർ പ്രേംജിത്ത് ലാൽ, മുൻസിഫ് മജിസ്ട്രേട്ട് എസ്.സജീവ്, സി.ഐ.ഫയാസ്, സിറ്റി ഉണ്ണിക്കൃഷ്ണൻ മൂസത് തുടങ്ങിയവർ പങ്കെടുത്തു.
കൊവഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങുകൾക്ക് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, കൗൺസിലർ എം.കെ.വിജയൻ, ട്രഷറി ഓഫീസർ പ്രേംജിത്ത് ലാൽ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.എസ്.ബൈജു, എ.ഓ.ഹരികുമാർ, പ്രോഗ്രാം കൺവീനർ ജെ.മഹാദേവൻ, കെ.കെ.സുരേന്ദ്രനാഥ്, പി.എസ്.സുരേഷ് എന്നിവർ നേതൃത്വം നൽകി. ഭണ്ഡാരത്തിലെ പൂജാകർമ്മങ്ങൾ രാജേഷ് തിരുമേനി നിർവ്വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി സനൽ നാരായണൻ നമ്പൂതിരി നേതൃത്വം നൽകി.