ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ഭക്ഷണം, വൈദ്യുതി അടക്കമുളള അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കാൻ തഹസിൽദാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ക്യാമ്പുകളിൽ ബയോ ടോയ്ലെറ്റുകൾ കൂടുതൽ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാമ്പുകൾക്ക് വേണ്ട സൗകര്യം ഒരുക്കാൻ വേണ്ട നിർദ്ദേശം വില്ലേജ് ഓഫീസർമാർക്ക് വീഡിയോ കോൺഫറൻസിലൂടെ നൽകിയതായി കളക്ടർ പ്രതിപക്ഷനേതാവിനെ അറിയിച്ചു. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ്, ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, വീയപുരം ഹൈസ്കൂൾ, കരുവാറ്റ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, പതിയാങ്കര അറബിക് കോളേജ് എന്നിവിടങ്ങളിലെ ക്യാമ്പുകൾ പ്രതിപക്ഷനേതാവ് സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്.വിനോദ് കുമാർ, എം.ആർ.ഹരികുമാർ, യു.ഡി.എഫ് കൺവീനർ എസ്.രാജേന്ദ്രക്കുറുപ്പ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.