sdg

ഹരിപ്പാട്: കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ അപ്പർകുട്ടനാടൻ മേഖലയിലെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. കാർത്തികപ്പളളി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 800 ഓളം ആളുകളെ മാറ്റി പാർപ്പിച്ചതായി തഹസിൽദാർ ഡി.സി.ദിലീപ് പറഞ്ഞു. വെള്ളത്തിന്റെ വരവ് കൂടിയാൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

താലീക്കിന്റെ വിവിധ ഭാഗങ്ങളിലായി 78 വീടുകൾക്ക് നാശം നേരിട്ടു. കാർത്തികപ്പള്ളി ഭാഗത്തു മാത്രം 36 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. ഇതിൽ 2 വീടുകൾ പൂർണമായി തകർന്നു. ചിങ്ങോലി (12), പള്ളിപ്പാട് (6), ഹരിപ്പാട് (5), തൃക്കുന്നപ്പുഴ (5), ചേപ്പാട് (8), ആറാട്ടുപുഴ (ഒന്ന്), വീയപുരം (ഒന്ന്), കായംകുളം (2), ചെറുതന (ഒന്ന്) എന്നിങ്ങനെയാണ് വീടുകൾ തകർന്നത്. പല സ്ഥലത്തും ദുർബലമായ വീടുകൾ തകർച്ച ഭീഷണിയിലാണ്. ഹരിപ്പാട്, പളളിപ്പാട്, ചേപ്പാട് കുമാരപുരം, കരുവാറ്റ, കാർത്തികപ്പള്ളി, ചിങ്ങോലി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മുതുകുളം കായംകുളം, കൃഷ്ണപുരം കണ്ടല്ലൂർ, ഏവൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി.