saji-cherian

മാന്നാർ: മഴ കനത്തതോടെ മാന്നാറിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാണ്.

ജലനിർഗമന മാർഗങ്ങളായ കാനകളിൽ മാലിന്യങ്ങളും ചെളിയും മണലും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതും തോടുകൾ നികത്തിയതുമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. വീയപുരം- മാന്നാർ, ഊട്ടുപറമ്പ് വടക്കുവശം, തട്ടാരമ്പലം മാന്നാർ റോഡിൽ പൊതുവൂർ ജംഗ്ഷൻ, ഐക്കര മുക്ക്, കുരിശുംമൂട്, തൃപ്പെരുന്തുറ ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. ഗ്രാമീണ റോഡുകളായ കാരാഴ്ച, മഠത്തുംപടി , തായംകുളങ്ങര , പുത്തൻ കോട്ടയ്ക്കകം, മഠത്തിൽക്കടവ് വള്ളാംകടവ് എന്നീ റോഡുകളിലും വെള്ളക്കെട്ടാണ്. മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ സജി ചെറിയാൻ എം.എൽ.എ സന്ദർശിച്ചു. മാന്നാർ നായർ സമാജം സ്‌കൂൾ, കുട്ടമ്പേരൂർ എസ്.കെ.വി സ്‌കൂൾ, ബുധനൂർ ഗവ.സ്‌കൂൾ, പുലിയൂർ, പാണ്ടനാട് എന്നീ സ്‌കൂളുകളിലെ ക്യാമ്പിൽ കഴിയുന്നവരെയാണ് എം.എൽ.എ സന്ദർശിച്ചത്. മഴ ശക്തി പ്രാപിച്ചാൽ ദുരിതബാധിതർക്കായി കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സംവിധാനമൊരുക്കുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധി കൾ, റവന്യു വകുപ്പ് അധികൃതർ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.