കായംകുളം: ശക്തമായ മഴയിൽ കായംകുളം നഗരത്തിലും സമീപ പഞ്ചായത്തുകളിലുമായി 2000 ഓളം വീടുകൾ വെള്ളത്തിലായി. മിക്ക റോഡുകളും വെള്ളത്തിലാണ്. പല പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പുള്ളിക്കണക്ക് എൻ.എസ് ഹൈസ്കൂളിലെ ക്യാമ്പിൽ 30 കുടുംബങ്ങളെ പാർപ്പിച്ചു.കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിൽ 60 കുടുംബങ്ങളെയും തേവലപ്പുറം എൽ.പി സ്കൂളിൽ 40 കുടുംബങ്ങളെയും പാർപ്പിച്ചു.കൃഷ്ണപുരം വിശ്വഭാരതി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു.പത്തിയൂരിൽ 500 ഓളം വീടുകൾ വെള്ളത്തിലായി. പഞ്ചായത്ത് ഹൈസ്കൂൾ, എസ്.കെ.വി എൽ.പി സ്കൂൾ, തയ്യിൽ സ്കൂൾ, പാരീഷ് ഹാൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കൊറ്റുകുളങ്ങര, ഒതനാക്കുളം,പുളിമുക്ക്, വേരുവള്ളി ഭാഗം,ഐക്യജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകളും നൂറുകണക്കിന്‌ വീടുകളും വെള്ളത്തിലായി. മലയൻ കനാലും, മുണ്ടകത്തിൽ തോടും കരകവിഞ്ഞൊഴുകിയതാണ് നഗരത്തിന്റെ കിഴക്കൻ മേഖലയിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാക്കിയത്‌. കരിപ്പുഴ തോടും കരവിഞ്ഞ് ഒഴുകയാണ്. മലയൻ കനാൽ കരകവിഞ്ഞു. കാഞ്ഞിരത്തും മൂട്, വിളയിൽ വയൽ, കുന്നത്തു കോയിക്കൽ വടക്കും, പടിഞ്ഞാറും, പ്ലാക്കാട്ട്, കരുമത്തലക്കൽ,മണറ്റേൽ തെക്കുഭാഗം, മേനാത്തേരി , വേമ്പനാട്ട് മണക്കാട്, കോയിക്കൽ ഭാഗം, കൃഷ്ണപുരം പുതുവൽകോളനി, ടെക്നിക്കൽ സ്കൂളിന് കിഴക്കുഭാഗം എന്നിവിടങ്ങളിലും നൂറുകണക്കിന് വീടുകളിലും വെള്ളം കയറി. ഐക്യ ജംഗ്ഷന്റെ വിവിധ ഭാഗങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി. കണ്ടല്ലൂർ,ദേവികുളങ്ങര പഞ്ചായത്തുകളും മഴക്കെടുതിയിൽ ദുരിതം പേറുകയാണ്. കൃഷ്ണപുരം പഞ്ചായത്തിൽ 2, 3, 4, 5, 9, 10, 12,15 വാർഡുകളിലും ചാലക്കൽ ഭാഗത്തായി 400 ലേറെ വീടുകളും വെള്ളത്തിലായി.