തുറവൂർ: മരണശേഷം കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച എരമല്ലൂർ മാടവന ടോമിയുടെ മകൻ ജെറിൻ ജോർജ്ജിന്റെ (29) മൃതദേഹമാണ് എഴുപുന്ന സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്.. കുടുംബ സമേതംചേർത്തല തൈക്കലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ജെറിൻ. ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റു മോർട്ടത്തിനു ശേഷം ഡോക്ടർ അടക്കമുള്ള 5 ആരോഗ്യ പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ചാണ് മൃതദേഹം എഴുപുന്നയിൽ കൊണ്ടുവന്നത്. സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിച്ചതിനു ശേഷം ഭൗതിക അവശിഷ്ടം പെട്ടിയിലാക്കി കല്ലറയിൽ സംസ്കരിക്കുകയായിരുന്നു. വികാരി ഫാ.പോൾ ചെറുപിള്ളി അന്ത്യ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.