ആലപ്പുഴ: മഴയുടെ ശക്തി തെല്ല് ക്ഷയിച്ചിട്ടുണ്ടെങ്കിലും കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗരപ്രദേശങ്ങളിലടക്കം എലിപ്പനി ഭീഷണി ഉയർത്തുന്നു. കടൽ, വെള്ളം വലിക്കാത്തതിനാലും, കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാലും ഏതാനും ആഴ്ചകൾ കൂടി വെള്ളക്കെട്ട് തുടരാനാണ് സാദ്ധ്യത. രോഗ സാദ്ധ്യത ഒഴിവാക്കുന്നതിന് വെള്ളവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവർ പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിക്കാൻ നിർദേശിക്കുന്നു ആരോഗ്യ വിദഗ്ദ്ധർ. ഏറ്റവും കൂടുതൽ മരണകാരണമായേക്കാവുന്ന രോഗമാണ് എലിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു പെരുകുന്നത് ഡെങ്കിപ്പനിക്കും വഴിവച്ചേക്കുമെന്നാണ് ആശങ്ക. കൊവിഡ് അടക്കം പകർച്ച വ്യാധികളുടെ പ്രാരംഭ ലക്ഷണങ്ങളിൽ സാമ്യമുള്ളതിനാൽ സ്വയം ചികിത്സ തേടരുത്. ഇത് രോഗം വഷളാക്കും. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ മിക്ക പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനോട് ജനങ്ങൾക്കും താൽപര്യമില്ല. പകരം ബന്ധുവീടുുകളിലേക്കാണ് മിക്കവരും മാറുന്നത്. ഇതിനും സാദ്ധ്യമാകാത്ത നിരവധി പേരാണ് വെള്ളം കയറിയ വീടുകളിൽ തന്നെ തുടരുന്നത്. ഇവിടങ്ങളിൽ പകർച്ച വ്യാധി സാദ്ധ്യതകളുള്ളതിനാൽ പ്രതിരോധ മാർഗം സ്വീകരിക്കേണ്ട സമയമാണിത്.
............
പ്രാരംഭത്തിൽ തന്നെ ചികിത്സ നേടിയില്ലെങ്കിൽ മരണകാരണമാകുന്ന രോഗമാണ് എലിപ്പനി. ശരീരത്തിൽ മുറിവുള്ളവർ കഴിവതും വെള്ളക്കെട്ടിൽ ഇറങ്ങരുത്. പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിക്കണം. മുമ്പ് ഡങ്കിപ്പനി വന്നിട്ടുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം.
ഡോ.ബി.പത്മകുമാർ, മെഡിസിൻ പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ്
.........
ഡോക്സി സൈക്ലിൻ കഴിക്കേണ്ട വിധം
14 വയസിന് മുകളിലുള്ളവർ - 200 എം.ജി (ആഴ്ചയിൽ ഒന്ന് )
8-14 വയസ് - 100 എം.ജി (ആഴ്ചയിൽ ഒന്ന് )
എട്ട് വയസിൽ താഴെയുള്ളവർക്ക് ഡോക്സി നൽകരുത്. പകരം ഡോക്ടറുടെ
നിർദേശ പ്രകാരം അസിത്രോമൈസിൻ നൽകാം.
..........
കൂടുതൽ ശ്രദ്ധ വേണ്ടവർ.:
രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ , തൊഴിലുറപ്പ് തൊഴിലാളികൾ
( ഇവർ ആളുകൾ പണിക്ക് ശേഷം മുറിവുള്ള ഭാഗം സോപ്പിട്ട് വൃത്തിയായി കഴുകണം.)
.....
വെള്ളമിറങ്ങുന്ന വീടുകൾ വൃത്തിയാക്കുമ്പോൾ
ഒരു ലിറ്റർ വെള്ളത്തിൽ 6 ടീ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ കലക്കി 10 മിനുറ്റ് വെച്ചിട്ട്, വെള്ളം ഊറ്റിയെടുത്ത് തറയും മറ്റ് പ്രതലങ്ങളും, പാത്രങ്ങളും വൃത്തിയാക്കാം.
.........................