ആലപ്പുഴ : ജില്ലയിലെ തീരമേഖലയിൽ കൊവിഡ് പ്രതിരോധത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങിയ 50,000 ആന്റിജൻ പരിശോധന കി​റ്റുകൾ പ്രസിഡന്റ് ജി.വേണുഗോപാൽ ജില്ലാ കളക്ടർ എ.അലക്സാണ്ടർക്ക് കൈമാറി.

സാമ്പത്തിക പ്രതിസന്ധിക്കിടയിലുംനാടിന്റെ ആവശ്യത്തിന് പ്രഥമ പരിഗണന നൽകുന്നതിനാലാണ് കിറ്റുകൾ വാങ്ങാനും 23 ഡിവിഷനുകളിൽ കിയോസ്‌കുകൾ വാങ്ങി സ്ഥാപിക്കാനും തീരുമാനിച്ചതെന്ന് ജി.വേണുഗോപാൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ സാമ്പിൾ ശേഖരിക്കുന്ന സമയത്ത് സുരക്ഷ ഒരുക്കുന്നതിനും രോഗഭീഷണി ഒഴിവാക്കുന്നതിനുമായാണ് കിയോസ്‌കുകൾ സ്ഥാപിക്കുന്നത്. മൂന്നര കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്തും ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡി.എം.ഒ എൽ.അനിതകുമാരി, ജില്ലാ പഞ്ചായത്ത് സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാന്മാരായ അഡ്വ. കെ. ടി. മാത്യു, സിന്ധു വിനു, സെക്രട്ടറി കെ. ആർ ദേവദാസ് , മ​റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.