ടെണ്ടർ 14 ന് തുറക്കും
ആലപ്പുഴ:പ്രളയത്തെ അതിജീവിക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് എന്ന ആശയം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. ഇതിന്റെ കരാർ നൽകാനുള്ള ടെണ്ടർ 14 ന് വൈകിട്ട് 4 ന് തിരുവനന്തപുരത്തെ കെ.എസ്.ടി.പി ഓഫീസിൽ തുറക്കും. ഇ.പി.സി (എൻജിനിയറിംഗ് പ്രൊക്വയർമെന്റ് കോൺട്രാക്ട്) മാതൃകയിലാണ് നിർമ്മാണം. കരാർ ഉറപ്പിച്ചാൽ വൈകാതെ പണി തുടങ്ങും. കെ.എസ്.ടി.പിക്കാണ് നിർമ്മാണ മേൽനോട്ടം.
2018 -ലെ പ്രളയത്തിൽ എ.സി റോഡ് പൂർണമായി മുങ്ങിയതോടെ മാസങ്ങളോളമാണ് ഗതാഗതം മുടങ്ങിയത്. എല്ലാ പ്രളയകാലത്തും ഇത് പതിവുമാണ്. 10 കോടി ചിലവിൽ ചിലഭാഗങ്ങൾ താത്കാലികമായി ഉയർത്തിയെങ്കിലും ഇപ്പോഴത്തെ കാലവർഷത്തിലും ഗതാഗതം നിറുത്തേണ്ടി വന്നു. കോട്ടയം-ആലപ്പുഴ ജില്ലകളെ യോജിപ്പിക്കുന്ന, ഏറെ ഗതാഗത പ്രാധാന്യമുള്ള പാത ഏത് വെള്ളപ്പൊക്കത്തെയും അതിജീവിക്കും വിധം പുനർനിർമ്മിക്കാൻ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മിക്കുന്നത്.
പദ്ധതി തുക: 624.48 കോടി
ദൈർഘ്യം: 24.14 കിലോ മീറ്റർ
നിർമാണ കാലാവധി :3 വർഷം
വ്യത്യസ്ത വിദ്യകൾ
പ്രളയകാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ് അടിസ്ഥാനമാക്കി റോഡ് ഉയർത്താൻ 20 കിലോമീറ്ററിൽ മൂന്ന് തരത്തിലാണ് നിർമ്മാണം. ആദ്യത്തെ 2.9 കി.മീറ്റർ ബി.എം ആൻഡ് ബി.സി മാത്രം. 8.27കി.മീറ്റർ കയർ ഭൂവസ്ത്ര പാളി ഉപയോഗിച്ച് മെച്ചപ്പെടുത്തും. 9 കി.മീറ്റർ ഭാഗത്ത് ജിയോ ഗ്രിഡും കയർ ഭൂവസ്ത്രവും ഉപയോഗിക്കും
രണ്ട് തരം ഫ്ളൈ ഓവറുകൾ
റോഡ് ഉയർത്തിയാലും വെള്ളപ്പൊക്ക ഭീഷണി ഉണ്ടായേക്കാവുന്ന അഞ്ച് കേന്ദ്രങ്ങളിൽ എലിവേറ്റഡ് മാതൃകയിലാവും നിർമ്മാണം.അഞ്ച് ഫ്ളൈഓവറുകൾക്കും കൂടി 1.79 കിലോ മീറ്റർ ദൈർഘ്യമുണ്ടാവും.രണ്ട് മാതൃകയിലാവും ഫ്ളൈഓവറുകൾ നിർമിക്കുക.
ടൈപ്പ് ഒന്ന്
ഒന്നാംകര മുതൽ മങ്കൊമ്പ് ജംഗ്ഷൻ വരെ(370 മീറ്റർ)
മങ്കൊമ്പ് തെക്കേക്കര (240 മീറ്റർ)
പൊങ്ങ കലുങ്ക് മുതൽ പണ്ടാരക്കുളം വരെ (485 മീറ്റർ)
ടൈപ്പ് രണ്ട്
മങ്കൊമ്പ് ജംഗ്ഷൻ മുതൽ മങ്കൊമ്പ് കലുങ്ക് വരെ (440മീറ്റർ)
ജ്യോതി ജംഗ്ഷൻ മുതൽ പറശ്ശേരിൽ പാലം വരെ (260 മീറ്റർ)