s

 കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം

ആലപ്പുഴ : മഴയുടെ ശക്തി ഇന്നലെ തെല്ലൊന്ന് കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുറവില്ലാത്തതിനാൽ കുട്ടനാട്ടിലുൾപ്പെടെ ജലനിരപ്പ് ഉയർന്നു തന്നെ . കൃഷിനാശവും വ്യാപകമാണ്.ഹരിപ്പാട് ചെറുതന പാണ്ടിയിൽ 70 കാരനായ വർഗ്ഗീസിനെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ര ണ്ട് ദിവസം മുമ്പ് എ.സി കനാലിൽ വീണ് കാണാതായ രാമങ്കരി വേഴപ്ര കോളനിയിൽ സരസ്വതി (70) യുടെ മൃതദേഹം പള്ളിക്കൂട്ടുമ്മ വാട്ടർ ടാങ്കിന് വടക്ക് വശം തൊള്ളായിരം പാടശേഖരത്ത് കണ്ടെത്തി.

കുട്ടനാട്ടിൽ മൂന്ന് വീടുകൾ പൂർണ്ണമായി തകർന്നു. ചേർത്തല താലൂക്കിൽ രണ്ട് വീടുകളും അമ്പലപ്പുഴ,മാവേലിക്കര താലൂക്കുകളിൽ ഓരോ വീടുകളും ഭാഗികമായി തകർന്നു. പമ്പ, അച്ചൻകോവിൽ ആറുകളുടെ തീരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലപ്പുഴ പട്ടണത്തിന്റെ കിഴക്കൻപ്രദേശങ്ങളിൽ ജലനിരപ്പ് ഇന്നലെ ഉച്ചവരെയും ഉയർന്നുകൊണ്ടിരുന്നു.

തലവടി, എടത്വാ മേഖലകളിൽ ചെറിയ രീതിയിൽ വെള്ളമിറങ്ങിയിട്ടുണ്ട്. വടക്കൻ മേഖലകളായ കാവാലം, പുളിങ്കുന്ന്, കൈനകരി, വെളിയനാട് എന്നിവയ്ക്ക് പുറമേ നെടുമുടി. ചമ്പക്കുളം പഞ്ചായത്തുകളുടെ ചില ഭാഗങ്ങളിലുമാണ് നിലവിൽ വെള്ളപ്പൊക്ക ഭീഷണി .

ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എ.സി.റോഡിൽ ഇന്നലെയും വാഹന ഗതാഗതം തടസപ്പെട്ടു. കുട്ടനാട്ടിലെ ചില മേഖലകളിലേക്ക് നാമമാത്രമായി കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തി.

 ദുരിതാശ്വാസ ക്യാമ്പുകൾ

90 : ജില്ലയിലാകെ ക്യാമ്പുകൾ

1487 കുടുംബങ്ങൾ

5176 പേർ

148 കേന്ദ്രങ്ങളിൽ കഞ്ഞിവീഴ്ത്ത്

വ്യാപക കൃഷി നാശം

41 പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. ഏഴ് ബണ്ടുകൾ തകർന്നു.1260 .82 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം .18.90 കോടിയുടെ നഷ്ടം.

കരകൃഷി നശിച്ചത് 12 ഹെക്ടർ (നഷ്ടം 40 ലക്ഷം)

ഏഴു ബണ്ടുകൾ തകർന്നു (നഷ്ടം 21.5 ലക്ഷം)

പഞ്ചായത്ത് റോഡുകൾ തകർന്ന്( 551.5 ലക്ഷം)

പൊതുമരാമത്ത് റോഡ് (32 ലക്ഷം)

കെട്ടിടങ്ങൾ തകർന്ന് (17 ലക്ഷം)

 ജലഗതാഗത വകുപ്പ് സർവീസ് നടത്തി.

കുട്ടനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സംസ്ഥാന ജലഗതാഗതവകുപ്പ് കൂടുതൽ സർവീസുകൾ നടത്തി. ജനങ്ങൾക്ക് സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും പോകാനും കിടപ്പുരോഗികൾക്കുമായാണ് അധിക ബോട്ട് സർവീസ് നടത്തിയത്. ഓരോ മണിക്കൂറിടവിട്ടും ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. പതിവ് സർവീസുകൾക്ക് പുറമെ 16 യാത്രാ ബോട്ടുകളാണ് ജലഗതാഗത വകുപ്പ് കുട്ടനാട്ടിൽ എത്തിച്ചത്.
എ.സി റോഡിൽ ഗതാഗത തടസമുണ്ടായതിനാൽ ദുരിതബാധിതർക്ക് ചങ്ങനാശേരിയിലേക്ക് പോകാൻ പ്രത്യേക സർവീസും നടത്തുന്നുണ്ട്. രാമങ്കരി കെ.സി പാലത്തിൽ നിന്നാണ് ചങ്ങനാശേരിയിലേക്ക് ബോട്ട് ഓടിക്കുന്നത്. കാവാലം, പുളിങ്കുന്ന്, നെടുമുടി ഭാഗങ്ങളെ രാമങ്കരി കെ.സി പാലവുമായി ബന്ധിപ്പിക്കാനും പ്രത്യേക സർവീസുണ്ട്. ആലപ്പുഴയിൽ നിന്ന് ആളുകളുടെ ആവശ്യമനുസരിച്ച് അധിക സർവീസും നടത്തി. ആലപ്പുഴയിലുള്ള ബോട്ടുകൾക്ക് പുറമേ മുഹമ്മയിൽ നിന്നും എറണാകുളത്തു നിന്നുമായി 16 ബോട്ടുകളാണ് അധികമായി ജില്ലയിൽ എത്തിച്ചിരിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.

 ക്യാമ്പുകളിൽ ഇ ടോയ്‌ലെറ്റുകൾ

ആലപ്പുഴ:ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് ഇ ടൊയ്‌ലെ​റ്റുകൾ അടക്കമുള്ളവ സ്ഥാപിക്കാൻ ധനകാര്യ വകുപ്പ് മന്ത്റി ഡോ.ടി.എം. തോമസ് ഐസക് നിർദ്ദേശം നൽകി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. ജാഗ്രത തുടരണമെന്നും വീണ്ടും ജലനിരപ്പ് ഉയരാനുള്ള സാധ്യത തള്ളിക്കളയരുതെന്നും മന്ത്റി പറഞ്ഞു.

കുട്ടനാട്ടിൽ 56 കോടിയുടെ

കൃഷി നാശം

മട വീണ് 63.5ലക്ഷം രൂപയുടെയും മടകവിഞ്ഞ് വെള്ളമൊഴുകി 88 ലക്ഷം രൂപയുടെയും നഷ്ടം ജില്ലയിലുണ്ടായി. പല സ്ഥലങ്ങളിലും കുടിവെള്ള ദൗർലഭ്യമുണ്ട്. ഇവിടങ്ങളിൽ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. കുട്ടനാട്ടിലെ പാലങ്ങളുടെ അടിയിൽ പായലും മ​റ്റ് മാലിന്യങ്ങളും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കണം.വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ തീരദേശ മേഖലകളിൽ നിന്നും മത്സ്യതൊഴിലാളികളേയും മത്സ്യ ബന്ധന വള്ളങ്ങളും കുട്ടനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. ആന്റിജൻ ടെസ്​റ്റ് നടത്തി കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷം, ഇവരെ പ്രത്യേകം പാർപ്പിച്ച്, അവശ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കും. പാലിയേ​റ്റീവ് കെയർ ആവശ്യമുള്ളവരെ പ്രത്യേക ശ്രദ്ധയോടെ ഒഴിപ്പിക്കണമെന്നും മന്ത്റി പറഞ്ഞു.

തോട്ടപ്പള്ളി പൊഴിമുഖത്ത് അടിയുന്ന മണൽ നീക്കാൻ ആവശ്യത്തിന് യന്ത്റങ്ങൾ വിന്യസിക്കണമെന്ന് എ.എം. ആരിഫ് എംപി നിർദ്ദേശിച്ചു. ഓൺലൈനായി നടന്ന മീ​റ്റിംഗിൽ എം.എൽ.എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, ഷാനിമോൾ ഉസ്മാൻ, യു. പ്രതിഭ, ജില്ല കളക്ടർ എ. അലക്സാണ്ടർ, സബ് കളക്ടർ അനുപം മിശ്ര, എ.ഡി.എം. ജെ. മോബി, ഡപ്യൂട്ടി കളക്ടർമാരായ ആശാ സി. എബ്രഹാം, എസ്. സന്തോഷ്‌കുമാർ, തഹസിൽദാർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.