ചേർത്തല:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ അദ്ധ്യാപക തസ്തികകൾ നിർണ്ണയിക്കുന്നതിനായി നിലവിലുള്ള അദ്ധ്യാപക: വിദ്യാർത്ഥി അനുപാതം അതേപടി തുടരണമെന്ന് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മി​റ്റി ആവശ്യപ്പെട്ടു.വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി അനുപാതത്തിൽ മാ​റ്റം വരുത്തി വൻതോതിൽ തസ്തികകൾ വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി ചെറുക്കുകയും നിയമപരമായി നേരിടുകയും ചെയ്യുമെന്നും ഭാരവാഹികളുടെ യോഗം അറിയിച്ചു.

ഓൺലൈനായി കൂടിയ യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോണി പവേലിൽ,സംസ്ഥാന സമിതിയംഗങ്ങളായ പി.എ.ജോൺ ബോസ്‌കോ, ബി.ബിജു,ടി.ജെ. എഡ്വേർഡ്,കെ. രഘുകുമാർ,കെ.ഡി.അജിമോൻ,സി.ബീനാകുമാരി എന്നിവർ സംസാരിച്ചു.