aji

ആലപ്പുഴ: കരുവാറ്റ ആശ്രമത്ത് പടീറ്റതിൽ അജിക്ക് വാട്ടർ അതോറിറ്റി വക ഇരുട്ടടി. പരമാവധി 10 യൂണിറ്റ് ജലം ഉപയോഗിക്കുന്ന കുടുംബത്തിന് കഴിഞ്ഞ വർഷം ഏഴു ലക്ഷം രൂപയുടെയും, ഇത്തവണ അഞ്ച് ലക്ഷം രൂപയുടെയും ബില്ലാണ് ലഭിച്ചത്. മീറ്റർ തകരാർ മൂലമാണ് കൂടിയ തുക വന്നതെന്ന വാട്ടർ അതോറിറ്റിയുടെ വിശദീകരണത്തെ തുടർന്ന് 4813 രൂപ കുടിശികയുമടച്ച് പുതിയ മീറ്ററും അജി കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ സ്ഥാപിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിൽ റീഡിംഗിന് വരുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തുമെങ്കിലും, ബില്ല് നൽകാതായതോടെ അജി വീണ്ടും പരാതിയുമായെത്തി. അങ്ങനെ ഈ വർഷം ജനുവരിയിൽ പുതിയ ബില്ല് ലഭിച്ചു. 5,13,972 രൂപ! പരാതി അദാലത്തിന് വച്ചെങ്കിലും കൊവിഡ് വ്യാപനം മൂലം അദാലത്ത് നടന്നിട്ടില്ല. മേയ് മാസത്തിൽ 186 യൂണിറ്റ് ജല ഉപയോഗത്തിന് 5,15,052 രൂപ എന്ന പുതിയ ബില്ലും ലഭിച്ചിട്ടുണ്ട്. അങ്ങേയറ്റം അഞ്ഞൂറ് രൂപയുടെ ബില്ല് വരേണ്ട സ്ഥാനത്താണ് ലക്ഷങ്ങളുടെ കുടിശ്ശിക തന്നെ വേട്ടയാടുന്നതെന്ന് അജി പറയുന്നു. തയ്യൽ തൊഴിലാളിയായ അജി ലോക്ക് ഡൗണിനെ തുടർന്ന് വരുമാനമില്ലാതെ വിഷമിക്കുന്നതിനിടെയാണ് ജല അതോറിറ്റിയുടെ വേട്ടയാടൽ തുടരുന്നത്. അദാലത്ത് നീണ്ടുപോകുന്നതിനാൽ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ് അജി.