ചേർത്തല:ശക്തമായ കാറ്റും മഴയുംമൂലം ഉൾനാടൻ മത്സ്യത്തൊഴിലാളി മേഖലയിൽ വ്യാപക നാശ നഷ്ടം.
തണ്ണീർമുക്കം,മുഹമ്മ,മണ്ണഞ്ചേരി,ആര്യാട് പഞ്ചായത്തുകളിലെ കായലോരത്ത് നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടു സംഭവിച്ചു. വെള്ളം പമ്പു ചെയ്തിരുന്ന മോട്ടോർ,കക്കാ പുരകൾ,കക്കാ തിളപ്പിക്കുന്ന ചൂള,ചരിവം,തുഴ,കഴുക്കോൽ അടക്കമുള്ള തൊഴിലുപകരണങ്ങൾ എന്നിവ നശിച്ചു.
ഓളത്തിൽ കല്ലിൽ അടിച്ച് നിരവധി വള്ളങ്ങൾക്ക് കേടുപാടുണ്ടായി.നിരവധി പേരുടെ വല ഒഴുക്കിൽപ്പെട്ട് നഷ്ടമായി. മത്സ്യ,കക്കാ തൊഴിലാളികൾക്ക് ജോലിക്ക് പോകാനും കഴിയാത്ത സാഹചര്യമാണ്.
വെള്ളം കയറിയ വീടുകൾ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പ്രവർത്തകരും ജനപ്രതിനിധികളും സി.പി.എം പ്രവർത്തകരും സന്ദർശിച്ചു.മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ, വൈസ് പ്രസിഡന്റ് മായാ മജു,
ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, യൂണിയൻ ഏരിയ പ്രസിഡന്റ് കെ.എൻ.ബാഹുലേയൻ, സെക്രട്ടറി എം.ഷാനവാസ് തുടങ്ങിയവരാണ് കായലോര പ്രദേശത്തെ വീടുകൾ സന്ദർശിച്ചത്