മാവേലിക്കര: കെ.എസ്.എഫ്.ഇ കണ്ടിയൂർ ശാഖയിൽ കവർച്ചാശ്രമം നടത്തിയ പ്രതി പിടിയിൽ. ചെട്ടികുളങ്ങര ഈരേഴ വടക്ക് ഓമനക്കുട്ടൻ (52) ആണ് പിടിയിലായത്. കണ്ടിയൂർ ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കെ.എസ്.എഫ്.ഇ ശാഖയിലാണ് പുലർച്ചെ 1.45 ഓടെ കവർച്ചാശ്രമം ഉണ്ടായത്. ഷട്ടറും ഗ്രില്ലും തകർത്ത് അകത്തുകയറി ലോക്കർ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്.
കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്ന കെട്ടടത്തിന്റെ ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട സമീപവാസിയായ യുവാവ് ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഓമനക്കുട്ടൻ ലോക്കർ തുറക്കുവാനുള്ള ശ്രമം നടത്തുകയായിരുന്നു. ഷട്ടറിന്റെ രണ്ടു താഴുകളും ഗ്രില്ലിന്റെ താഴും ഫാബ്രിക്കേഷന്റെ പൂട്ടും തകർത്തിട്ടുണ്ട്. ജൂനിയർ എസ്.ഐ ജെ.യു ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.