ഹരിപ്പാട്: ശസ്ത്രക്രിയ കഴിഞ്ഞ അർബുദരോഗിയായ വീട്ടമ്മ തുടർചികിത്സയ്ക്കായി സഹായം തേടുന്നു.ചിങ്ങോലി ആയിക്കാട് ബിനുഭവനത്തിൽ രത്നമ്മയാണ് (65) സുമനസുകളുടെ കനിവ് തേടുന്നത്.
ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കായിരുന്നു രത്നമ്മ. പത്തു മാസം മുൻപാണ് വലത്തേ മാറിടത്തിന്റെ ഭാഗത്ത് ചെറിയ മുഴ കാണുന്നത്. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് അർബുദമാണെന്ന് സ്ഥിരീകരിക്കുന്നത്. ആലപ്പുഴ മെഡി. ആശുപത്രിയിലും തിരുവനന്തപുരം ആർ.സി.സിയിലുമായിരുന്നു ചികിത്സ. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ആർ.സി.സിയിലേക്ക് പോകാൻ കഴിയാതെ വന്നതോടെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജിലായി ചികിത്സ. കഴിഞ്ഞ എട്ടിന് വലത്തേ മാറിടം നീക്കം ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ മുറിവ് ഉണങ്ങാത്തതിനാൽ വേദനയും ബുദ്ധിമുട്ടുകളും കാരണം വല്ലാത്ത ദുര്യോഗത്തിലാണ് വീട്ടുകാർ.
ഇതുവരെ നടത്തിയ ചികിത്സയിൽ തന്നെ ഒരു ലക്ഷം രൂപയിലധികം കടമായി. കീമോ തെറാപ്പിയുൾപ്പെടെയുളള ചികിത്സ ഇനിയും ചെയ്യേണ്ടതായിട്ടുണ്ട്. അസുഖം പിടിപെട്ടതിനാൽ ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വരുമാന മാർഗ്ഗം പൂർണ്ണമായും നിലച്ചു. ചികിത്സ തുടരണമെങ്കിലും പഴയ നിലയിലേക്ക് തിരിച്ചെത്തണമെങ്കിലും രത്‌നമ്മക്ക് ഇനി വേണ്ടത് സുമനസ്സുകളുടെ കനിവാണ്. രത്‌നമ്മയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാർത്തികപ്പളളി ശാഖയിൽ 0551053000010927 എന്ന നമ്പരിൽ അക്കൗണ്ടുണ്ട്. ഐ.എഫ്.എസ് കോഡ് SIBL0000551: ഫോൺ: 9526494925