മങ്കൊമ്പ് : കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ, 550 ഏക്കർ വിസ്തൃതിയുള്ള മാത്തൂർ പാടശേഖരത്തിൽ മട വീണു. പാടത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പുറം തൂമ്പ് ശക്തമായ നീരൊഴുക്കിൽ കുത്തിയൊലിച്ച് പോവുകയായിരുന്നു. 15 മീറ്റർ നീളത്തിലാണ് മടവീഴ്ച. പാടശേഖര കമ്മിറ്റിയുടെ നേതൃത്വത്തിൽ 300ൽപ്പരം കർഷക തൊഴിലാളികൾ ചേർന്ന് 80 കവുങ്ങുകൾ, മൂന്ന് തെങ്ങുകൾ, കട്ട, ഗ്രാവൽ എന്നിവയൊക്കെ ഉപയോഗിച്ച് 26 മണിക്കൂറോളം മട തടയാൻ അത്യദ്ധ്വാനം നടത്തിയെങ്കിലും വിജയിക്കാനായില്ല. 40 ദിവസം പ്രായമെത്തിയ നെൽച്ചെടികളാണ് മടവീഴ്ചയിൽ നശിച്ചത്.