ആലപ്പുഴ: മാനത്ത് മഴക്കാറ് കണ്ടാൽ ദുരിതജീവിതത്തിലേക്ക് വഴുതി വീഴുകയാണ് ആലപ്പുഴ നഗരസഭയിലെ കിഴക്കൻ വാർഡുകളിലുള്ളവർ. കുട്ടനാടിന് സമമാണ് പള്ളാത്തുരുത്തി, തിരുമല, ചുങ്കം വാർഡുകളുടെ അവസ്ഥ. ചെറിയ മഴ പെയ്താൽപ്പോലും ഈ പ്രദേശങ്ങൾ മുങ്ങും. ഈ ദുരവസ്ഥ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
മഴവെള്ളത്തെക്കാൾ ഭീഷണി ഉയർത്തുന്നത് കിഴക്കൻ വെള്ളത്തിന്റെ വരവാണ്. ഇന്നലെ പുലർച്ചെ ചുങ്കം കരുവേലി പാടശേഖരത്തിൽ മടവീഴ്ച്ചയുണ്ടായതോടെ പ്രദേശത്തെ വെള്ളക്കെട്ട് വീണ്ടും ഉയർന്നു. മടവീഴ്ച്യെത്തുടർന്ന് പള്ളാത്തുരുത്തി സെന്റ് പോൾസ് സി.എസ്.ഐ ചാപ്പൽ പൂർണമായും തകർന്നു വീണു.
വീടുകൾക്കുള്ളിൽ വെള്ളക്കെട്ടായതോടെ ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്ക് താമസം മാറി. എന്നാൽ കൊവിഡ് രോഗികളുള്ളതും കണ്ടൈൻമെന്റ് സോണുകളുമായ മേഖലകളിൽ നിന്ന് ചെല്ലുന്നത് മറ്റുള്ളവർക്ക് ആശങ്കയുളവാക്കുമെന്നതിനാൽ വെള്ളം നിറഞ്ഞ വിടുകളിൽ തന്നെ താമസം തുടരുന്നവരുണ്ട്. വീട്ടുപകരണങ്ങൾ കഴിയുന്നത്ര ഉയരത്തിൽ കയറ്റിവച്ചിരിക്കുകയാണ്. കൊവിഡ് ഭീഷണി ഉള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളാണ് പല പ്രദേശങ്ങളിലും നടത്തുന്നത്.
വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങളിൽ വില്ലേജ് ഓഫീസർമാർ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് ഗ്രുവൽ സെന്ററുകൾക്കും അവിടേക്ക് വേണ്ട സാധനങ്ങൾ സപ്ലൈക്കോയിൽ നിന്ന് വാങ്ങാനും അനുമതി നൽകുന്നത്. പാചകവാതകവും അരിയും പയറുമുൾപ്പടെയുള്ള സാധനങ്ങളാണ് സപ്ലൈക്കോയിൽ നിന്ന് ലഭിക്കുക. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഭക്ഷണവിതരണമടക്കം വെല്ലുവിളിയാണ്.
''മഴ ആരംഭിച്ചപ്പോൾ മുതൽ വെള്ളക്കെട്ടാണ്. കിഴക്കൻ വെള്ളമെത്തിയതോടെ വീടിനകത്ത് മുട്ടറ്റം വെള്ളമുണ്ട്. കൊവിഡ് ഭീഷണി ഉള്ളതിനാൽ എങ്ങോട്ടും പോകാനും സാധിക്കുന്നില്ല.
- റമീസ, പള്ളാത്തുരുത്തി