ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ പത്തിയൂർ മേഖലയിലെ കരീലകുളങ്ങര 1121-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പത്തിയൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കരീലക്കുളങ്ങരയിലെ ഓട്ടോ ഡ്രൈവർമാർക്കുള്ള മാസ്ക്ക്, ഫെയിസ് ഷീൽഡ്, സാനിറ്റൈസർ തുടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.ബിജു അദ്ധ്യക്ഷനായി. ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ അവാർഡ് വിതരണം നിർവ്വഹിച്ചു. യൂണിയൻ കൗൺസിലറും മേഖലാ ചെയർമാനുമായ ബിജു പത്തിയൂർ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണം നിർവഹിച്ചു. മേഖലാ കൺവീനർ അഡ്വ.അമൽ രാജ്, ശാഖാ സെക്രട്ടറി സുജിത് കുമാർ, വൈസ് പ്രസിഡന്റ് വിനോദ്, സുനിൽ തുടങ്ങിയവർ സംസാരിച്ചു.