ആലപ്പുഴ: മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി കാലേക്കൂട്ടി മൃഗങ്ങളെ സുരക്ഷിതരാക്കാനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വെള്ളംകയറിയ പ്രദേശങ്ങളിലെ പശുക്കൾ, ആടുകൾ, നായ്ക്കൾ എന്നിവയെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിക്കൊണ്ടിരിക്കുന്നത്.
വെള്ളം കയറാത്ത പാലങ്ങളിലും പറമ്പുകളിലും ടാർപോളിൻ കെട്ടിയാവും സംരക്ഷണം. മാറ്റി പാർപ്പിക്കാൻ സംവിധാനമില്ലാത്തവർക്ക് ടെറസിലേക്കും മറ്റുമായി മൃഗങ്ങളെ മാറ്റാം. നായകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് മൃഗസ്നേഹികളുടെ സഹായവും തേടും.ഇവയ്ക്ക് ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ട്. അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മൃഗങ്ങളെ മാറ്റിപാർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്. കാലികളെ സംരക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ബന്ധപ്പെടുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ടിന് കീഴിലാണ് സേവനങ്ങൾ നൽകുന്നത്. ക്യാമ്പുകളിലും, വീടുകളിലും ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. പകൽ സമയത്ത് ഏത് പ്രദേശത്തും എത്തുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം സജ്ജമാണ്. വെറ്ററിനറി സർജൻ അടക്കമുള്ളവർ സംഘത്തിലുണ്ടാവും. കുട്ടനാട്ടിൽ മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലാണ് പ്രവർത്തിക്കുന്നത്. മരുന്നുകളും കാൽസ്യം പൊടിയും ടീം വിതരണം ചെയ്യും. മൃഗങ്ങൾക്കാവശ്യമായ ഭക്ഷണം നൽകേണ്ട ചുമതല ക്ഷീരവികസന വകുപ്പിന്റേതാണ്. വൈക്കോലും പുല്ലുമാണ് ഇപ്പോൾ അത്യാവശ്യം. ഒരു മൃഗത്തിന് ദിവസം രണ്ടുകിലോ ഖരാഹാരം എന്ന നിലയിലാണ് ഭക്ഷണം.
................
ചികിത്സ ആവശ്യമുള്ള മൃഗങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്
സന്തോഷ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ
.................................
പശുക്കൾ, ആടുകൾ, നായ്ക്കൾ എന്നിവയാണ് പ്രധാനമായും പാലങ്ങളിൽ പാർപ്പിക്കുക, കോഴികളെ മാറ്റിപ്പാർപ്പിക്കാൻ സംവിധാനമില്ലാത്തവർക്ക് വീടിന്റെ ടെറസിലേക്കും മറ്റുമായി മാറ്റാം. നായകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് മൃഗസ്നേഹികളുടെ സഹായവും തേടും
........................
കൺട്രോൾ റൂം നമ്പറുകൾ: 0477 2252636, 2252635, 9446268628