അമ്പലപ്പുഴ: കാലവർഷത്തിൽ ദുരിതമനുഭവിക്കുന്ന ക്ഷീര കർഷകർക്ക് താങ്ങായി മിൽമ രംഗത്ത്. ആലപ്പുഴ ഉൾപ്പെടെ 4 ജില്ലകളിലെ കർഷകർക്കാണ് മിൽമ സഹായം നൽകുന്നത്.
അടിയന്തിര സഹായമായി 1.25 കോടിയുടെ കാലിത്തീറ്റ സബ്സിഡി നൽകുമെന്ന് തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ്, ഭരണ സമിതി അംഗങ്ങളായ കരുമാടി മുരളി,അഡ്വ.എസ്.സദാശിവൻപിള്ള, വി.വി. വിശ്വൻ എന്നിവർ പ്രളയബാധിത സംഘങ്ങൾ സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തി. ആലപ്പുഴയിലെ പ്രളയബാധിത മേഖലയിലെ ക്ഷീരകർഷകർക്ക് 200 ചാക്ക് കാലിത്തീറ്റ സബ്സിഡിയായി നൽകും. കാലവർഷക്കെടുതിയിൽ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് അടിയന്തിര സാമ്പത്തിക സഹായവും നൽകും. അടുത്ത ദിവസം കൂടുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. കാലിത്തീറ്റ സംഘങ്ങൾ വഴിയായിരിക്കും സബ്സിഡി നൽകുക. മിൽമയ്ക്ക് കാലവർഷക്കെടുതിയിൽ നേരിട്ട നഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.കണ്ടെയ്ൻമെൻ്റ് സോണുകളിൽ ക്ഷീര കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
കാലവർഷം ശക്തമായതോടെ ജില്ലയിൽ പാൽ സംഭരണത്തിൽ 2000 ലിറ്റർ പാലിന്റെ കുറവ് വന്നിട്ടുണ്ട്.സബ്സിഡി നിരക്കിൽ 6 മാസം കാലിത്തീറ്റ നൽകാനും തീരുമാനിച്ചിട്ടുണ്ട്.ഇതോടൊപ്പം സബ്സിഡി നിരക്കിൽ ക്ഷീര കർഷകർക്ക് ചോളത്തണ്ട് നൽകുമെന്നും കല്ലട രമേശ് പറഞ്ഞു.