ആലപ്പുഴ: മഴയ്ക്ക് തെല്ല് കുറവു വന്നതോടെ ജില്ല നേരിയ ആശ്വാസത്തിൽ. കിഴക്കൻ വെള്ളത്തിന്റെ വരവിൽ കാര്യമായ കുറവുണ്ടാവാത്തതിനാൽ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ലെങ്കിലും മൊത്തത്തിൽ ആശ്വാസമായിട്ടുണ്ട്.
മണ്ണഞ്ചേരി നേതാജി ജെട്ടിക്ക് സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടു. ഇത് കാലവർഷവുമായി ബന്ധപ്പെട്ടുള്ള മരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ അഞ്ചുപേർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്.
തോട്ടപ്പള്ളി പൊഴിമുഖത്തിലൂടെ വെള്ളമൊഴുക്കിന്റെ ശക്തി കുറഞ്ഞത് ആശങ്ക ഒഴിവാക്കിയെങ്കിലും നീരൊഴുക്കിന്റെ ശക്തി കുറഞ്ഞത് പൊഴിമുഖത്ത് മണൽത്തിട്ട രൂപപ്പെടുന്നതിന് കാരണമായി.
എ.സി റോഡിൽ ഗതാഗതം ഇന്നലെയും പുനരാരംഭിച്ചില്ല. അമ്പലപ്പുഴ-തിരുവല്ല റോഡിലും ഗതാഗതം ഭാഗികമാണ്. ആലപ്പുഴ യൂണിറ്റിലെ സൂപ്പർവൈസറി വിഭാഗം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ഇന്നു മുതൽ ആലപ്പുഴ ഡിപ്പോയിൽ നിന്ന് ബസ് സർവ്വീസുകൾ ഉണ്ടായിരിക്കില്ല. ആലപ്പുഴവഴി വരുന്ന വാഹനങ്ങൾ നഗരസഭ ബസ് സ്റ്റാൻഡിൽ നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും.
കുട്ടനാട് നെടുമുടിയിൽ ഒരു വീട് പൂർണ്ണമായും നാല് വീട് ഭാഗികമായും തകർന്നു.ജില്ലയിൽ ഇന്നലെ തുടങ്ങിയ 23 ക്യാമ്പുകൾ ഉൾപ്പെടെ 113 ക്യാമ്പുകളിലായി 2362 കുടുംബങ്ങളിലെ 7629 പേരാണ് കഴിയുന്നത്. 319 കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ തുടങ്ങി. ആലലപ്പുഴ നഗരസഭ പരിധിയിലെ മൂന്ന് പാടശേഖരങ്ങൾ മടവീണ് കൃഷി നാശം സംഭവിച്ചു. ചുങ്കത്തെ പുരാതനമായ സി.എസ്.ഐ പള്ളി കനത്ത മഴയിൽ പൂർണ്ണമായി തകർന്നു.
മടവീഴ്ചയിൽ സി.എസ്.ഐ ദേവാലയം തകർന്നു
ആലപ്പുഴ: പള്ളാത്തുരുത്തി കരുവേലി, കൊമ്പൻകുഴി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയെ തുടർന്ന് ആലപ്പുഴ ചുങ്കത്തിനു സമീപമുള്ള പുരാതന സെന്റ് പോൾസ് സി.എസ്.ഐ ദേവാലയം പൂർണമായും തകർന്നു.
ചുങ്കം കരുവേലി- കൊമ്പൻകുഴി പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. മുൻവർഷങ്ങളിലെ പ്രളയങ്ങളെ മുഴുവൻ അതീജീവിച്ച പള്ളി ഇത്തവണത്തെ കുത്തൊഴുക്കിൽ പകുതിയോളം ഭാഗത്തെ അടിത്തറയടക്കം ഇളകിപ്പോയതോടെ തകരുകയായിരുന്നു. ഇന്നലെ പുലർച്ചെയുണ്ടായ മടവീഴ്ചയിൽ അൾത്താരയടക്കം പകുതിയോളം ഭാഗം തകർന്നു. പള്ളിയിലുണ്ടായിരുന്ന ഉപകരണങ്ങളടക്കം ഒഴുകിപ്പോയി. രണ്ടുപാടശേഖരങ്ങൾക്ക് നടുവിലായിരുന്നു സെന്റ് പോൾസ് സി.എസ്.ഐ ദേവാലയം.
പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രധാനരേഖകൾ അടക്കം മുല്ലയ്ക്കൽ സീറോ ജംഗ്ഷനിലെ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിരുന്നു. പള്ളിയുടെ മുൻഭാഗത്തിരുന്ന ബൈബിൾ മാത്രം സുരക്ഷിതമായി തിരികെ കിട്ടി. ആലപ്പുഴ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിന്റെ കീഴിലുള്ള (ഉപസഭകളിലൊന്ന്) സെന്റ് പോൾസ് ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും കുർബാനകളും ബാക്കി ദിവസങ്ങളിൽ മറ്റു കാര്യങ്ങളും നടക്കാറുണ്ട്. 1869ൽ സി.എം.എസ് മിഷണറിയായ ഫാ. ഡബ്ല്യു.ജെ.റിച്ചാർഡ്സണാണ് പള്ളി പണിയിച്ചത്. 30 വീട്ടുകാരാണ് ഈ ദേവാലയത്തിനു കീഴിലുള്ളത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
ആട്ടോറിക്ഷ തോട്ടിൽ വീണു
അമ്പലപ്പുഴ: കഞ്ഞിപ്പാടം എസ്.എൻ കവല റോഡിൽ കൊപ്പാറക്കടവിന് സമീപം ആട്ടോറിക്ഷ തോട്ടിൽ വീണു. ആർക്കും പരിക്കില്ല. നീർക്കുന്നം പള്ളിപ്പറമ്പിൽ അബ്ദുൾ സലാം ഓടിച്ചിരുന്ന ആട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.പച്ചക്കറിയുമായി പോകുന്നതിനിടെ നിയന്ത്രണം തെറ്റി തോട്ടിൽ വീഴുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ആട്ടോറിക്ഷ കരയ്ക്കു കയറ്റി.