ഹരിപ്പാട്: തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ അപ്പർകുട്ടനാടൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴാൻ തുടങ്ങി. ഇന്ന് കൂടി മഴ പെയ്യാതിരുന്നാൽ മിക്ക പ്രദേശങ്ങളിലും വെള്ളം വലിഞ്ഞ് മാറുമെന്നാണ് പ്രതീക്ഷ. ഇതോടെ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മാറാമെന്നാണ് ക്യാമ്പിലുള്ളവർ കരുതുന്നത്.
ശക്തമായ വെള്ളപാച്ചിലിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കല്ലുപാലം ഒഴുക്കിൽപെട്ട് തകർന്നു. 100 വർഷത്തോളം പഴക്കമുള്ള പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിലെ വഴുതനം മുണ്ടാന്റുംകര കല്ലുപാലം കഴിഞ്ഞ ദിവസം ഒലിച്ചുപോയി. ഇതിന്റെ കാലപ്പഴക്കം മൂലം സമീപത്ത് പുതിയപാലം നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. പുതിയ പാലത്തിൽ പോള അടിഞ്ഞ് ഒഴുക്ക് നിലച്ചിരുന്നു. ഇത് മാറ്റാനായി എത്തിയ ജെ.സി.ബി ഇറക്കിയ വഴിയിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചതായും നാട്ടുകാർ പറയുന്നു. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും നൂറുകണക്കിന് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. പല വീടുകളിലെയും പുരയിടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വീയപുരം, ചെറുതന, കരുവാറ്റ, എടത്വ ,പള്ളിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരുമെന്ന് താലൂക്ക് ഓഫീസർ ഡി.സി ദിലീപ് പറഞ്ഞു.