മാവേലിക്കര: വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പഴ്‌സിലുണ്ടായിരുന്ന 14,300 രൂപയും പണവും ഉടമയെ കണ്ടെത്തി ഏൽപ്പിച്ച്, വ്യാപാരിയായ കണ്ണമംഗലം തെക്ക് പാലാഴിയില്‍ പുഷ്പകുമാർ സത്യസന്ധതയുടെ മാതൃകയായി.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കായംകുളത്തിന് പോകുമ്പോൾ മനായി പാലത്തിന് സമീപത്തുവെച്ച് സ്‌കൂട്ടർ വെള്ളക്കെട്ടിൽ ഓഫായി. തള്ളിനീക്കുന്നതിനിടെയാണ് വെള്ളക്കെട്ടിലൂടെ ഒഴുകിവരുന്ന പഴ്‌സ് പുഷ്പകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വാഹനത്തിന്റെ മുൻചക്രം കൊണ്ട് പഴ്‌സിന്റെ ഒഴുക്ക് തടഞ്ഞ് കൈക്കലാക്കി.
പരിശോധിച്ചപ്പോൾ പണവും എ.ടി.എം, പാൻകാർഡ്, ആധാർകാഡ് എന്നിവയും പഴ്‌സിൽ നിന്ന് ലഭിച്ചു. പുഷ്പകുമാർ പഴ്‌സ് മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ജൂനിയർ എസ്.ഐ ജി. ജിനു, സീനിയർ സി.പി.ഒ എൻ.സുധി എന്നിവർ ചേർന്ന്, ഉടമയായ കല്ലൂപ്പാറ പുതുശേരി അരീക്കര ഇല്ലം എ.കെ.സുനിൽകുമാറിനെ വിവരമറിയിച്ചു. തുടർന്ന് പഴ്‌സ് പൊലീസ് സ്‌റ്റേഷനിൽ വച്ച് പുഷ്പകുമാർ എ.കെ.സുനിൽകുമാറിന് കൈമാറി.
ദേവസ്വം ബോർഡ് ജീവനക്കാരനായ സുനിൽകുമാർ ഭാര്യവീടായ കണ്ണമംഗലത്ത് എത്തിയശേഷം ഹരിപ്പാട്ടെ പുതിയ ജോലിസ്ഥലത്തേക്ക് മാറുന്നതിന്റെ ഹരിപ്പാട് ദേവസ്വം ഓഫീസിലേക്ക് പോകും വഴി കണ്ണംമംഗലം മനായിപാലത്തിന് സമീപത്തുവെച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ സുനിൽ വെള്ളക്കെട്ടിൽ പെട്ടിരുന്നു. ബൈക്ക് കരയ്ക്കെത്തിക്കാൻ നടത്തിയ ശ്രമത്തിനിടെ പഴ്‌സ് കാണാതാവുകയായിരുന്നുവെന്ന് സുനിൽ പറഞ്ഞ. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ചതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺവിളി എത്തിയതെന്ന് സുനിൽ പറഞ്ഞു.