ഹരിപ്പാട് : ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് കടലിൽ മത്സ്യബന്ധനത്തിന് പോകാൻ അനുമതി നൽകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ കാരണം പറഞ്ഞാണ് ജില്ലയുടെ തീരപ്രദേശത്ത് 45 ദിവസമായി മത്സ്യബന്ധനവും വിപണനവും തടഞ്ഞിരിക്കുന്നത്. എന്നാൽ കൊവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ച മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും മത്സ്യ ബന്ധനം തടസമില്ലാതെ തുടരുകയാണ്. വിപണനം നിരോധിച്ചിട്ടും അന്യസംസ്ഥാനങ്ങളിൽ നിന്നും വണ്ടികളിൽ മത്സ്യം വൻതോതിൽ ആലപ്പുഴയിൽ എത്തുന്നു. ആലപ്പുഴ ജില്ലയിൽ മാത്രം മത്സ്യ ബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ , സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ലത്തീഫ് , ജില്ലാ സെക്രട്ടറി ബിനു കള്ളിക്കാട് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.