മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി ജി.സുധാകരൻ
ആലപ്പുഴ :കടൽക്ഷോഭം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സ്ഥലം എം.എൽ.എയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ തന്നെ അറിയിക്കാതെ നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.
'' കടൽക്ഷോഭം ശക്തമായപ്പോൾ മത്സ്യതൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത് താനായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്താകെ മുഴുവൻ മത്സ്യതൊഴിലാളികൾക്കും കിറ്റ് നൽകുവാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം സർക്കാരിന്റെ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഇതിന്റെ ഉദ്ഘാടനം തന്റെ മണ്ഡലത്തിൽ നടന്നു. ഇക്കാര്യം തന്നെയോ തന്റെ ഓഫീസിനെയോ അറിയിച്ചിട്ടില്ല '' മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് ലഭിക്കുന്നത് അമ്പലപ്പുഴ നിയോജക മണ്ഡലത്തിലാണ്. 11,000ത്തോളം മത്സ്യതൊഴിലാളികൾക്കാണ് ഇവിടെ കിറ്റ് ലഭിക്കുന്നത്. മണ്ഡലം എം.എൽ.എ കൂടിയായ തന്നെ അറിയിക്കാതെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും നടത്തിയപ്രോട്ടോക്കോൾ ലംഘനം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുമെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു.