തുറവൂർ: ആർ.ഡി.ഒ. ഇടപ്പെട്ട് നൽകിയ നടവഴിയിൽ അയൽവാസി സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതായി പരാതി. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡിൽ തുറവൂർ കുന്നേൽ വീട്ടിൽ ഷീബയാണ് അയൽവാസിയ്ക്കെതിരെ കുത്തിയതോട് പൊലീസിൽ പരാതി നൽകിയത്. ഇരുകൂട്ടരുടെയും വർഷങ്ങളായുള്ള വഴിത്തർക്കം മാസങ്ങൾക്ക് മുൻപ് സംഘർഷത്തിലെത്തുകയും അതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. തുടർന്ന് അത് ശ്രദ്ധയിൽപ്പെട്ട ആർ.ഡി.ഒ. നേരിട്ടെത്തി അയൽവാസിയുടെ വീടിനരികിലൂടെ തങ്ങൾക്ക് നടവഴി അളന്ന് തിരിച്ചു നൽകിയിരുന്നതായി ഷീബ പറഞ്ഞു. എന്നാൽ കുറച്ചു നാളുകളായി അയൽവാസി തങ്ങളുടെ വീട്ടിലേക്ക് എത്തുന്നവരെ വഴിയിൽ തടയുന്നതായും വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും ശ്രമീക്കുന്നു. വിദ്യാർത്ഥിയായ ഒരു ആൺകുട്ടിയും സഹോദരി ഷീലയുമാണ് ഷീബയ്ക്കൊപ്പം വീട്ടി്ൽ താമസിക്കുന്നത്. ഷീലയുടെ വിവാഹം 24 ന് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീട് പെയിൻറ് ചെയ്യാനെത്തിയ തൊഴിലാളികളെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് തടയുകയും അസഭ്യം പറഞ്ഞു തിരിച്ചയക്കുകയും ചെയ്തതായും വിവാഹം തടസപ്പെടുത്താനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്നും കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.