ചേർത്തല: കടക്കരപ്പള്ളിയിൽ 152 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലാർജ് ക്ലസ്​റ്റർ മേഖലയാക്കി. ചൊവ്വാഴ്ച പഞ്ചായത്ത് ഒന്ന്,7,13,14 വാർഡുകളിലായി 17 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.രണ്ടു ദിവസം മുമ്പ് പരിശോധന നടത്തിയവരുടെ ഫലമാണ് പുറത്തുവന്നത്.ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗ ബാധിതരുടെ എണ്ണം 152 ആയി.
തീരദേശ മേഖലയിലെ രോഗവ്യാപനം കണക്കിലെടുത്ത് ഒന്ന്,14 വാർഡുകളിലെ മുഴുവൻ അംഗങ്ങളുടെയും പരിശോധന ഇന്ന് നടക്കും.നിലവിൽ 800 ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.1000ത്തോളം പേരെ ഇന്ന് പരിശോധിക്കും.ഇതിനുള്ള ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. പൊലീസിന്റെയും പഞ്ചായത്തിന്റെയും ക്രിയാത്മകമായ ഇടപെടലിന്റെ അഭാവമാണ് രോഗവ്യാപന തോത് ഉയരാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
കൊക്കോതമംഗലം വില്ലേജിൽ കരമടയ്ക്കാനെത്തിയയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രണ്ടു ജീവനക്കാരെ നിരീക്ഷണത്തിലാക്കി.കൊവിഡ് ബാധിച്ചയാൾ സന്ദർശിച്ച സാഹചര്യത്തിൽ വടക്കേ അങ്ങാടിക്കവലയ്ക്ക് സമീപത്തെ ഭക്ഷണശാലയും കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിലെ ബേക്കറിയും പൊലീസ് അടപ്പിച്ചു.ജീവനക്കാരെ നിരീക്ഷണത്തിലാക്കി.