 നശിക്കുന്നത് 8 നടപ്പാലങ്ങൾ

ആലപ്പുഴ: നഗരത്തിലെ കനാലുകളിൽ സ്ഥാപിച്ച എട്ട് നടപ്പാലങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. കാലപ്പഴക്കവും അറ്റകുറ്റപ്പണി മുടങ്ങിയതുമാണ് പാലങ്ങൾ നശിക്കാൻ കാരണം.

ഇരുമ്പ് പാലം, ജില്ലാക്കോടതി പാലം, കൊത്തുവാൽ ചാവടിപ്പാലം, നഗരസഭ ഓഫീസിന് സമീപം, കയർഫെഡിന്റെ സമീപം, ചുങ്കം ഫയർഫോഴ്സിന് സമീപം, ട്രാഫിക് സ്റ്റേഷനു സമീപം എന്നിവിടങ്ങളിലാണ് നടപ്പാലം നിർമ്മിച്ചിട്ടുള്ളത്. ഇവയെല്ലാം നഗരസഭയും പൊതുമരാമത്ത് വകുപ്പും ജില്ലാ പഞ്ചായത്തും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കേണ്ടതാണെങ്കിലും ഒന്നും നടന്നില്ല.

പ്രതിഷേധം ശക്തമായപ്പോഴാണ് നിലവിലുള്ള പാലത്തിന് സമാന്തരമായി ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള നടപ്പാലം നിർമ്മിച്ചത്. നിർമ്മാണ ചുമതല സിൽക്കിനായിരുന്നു. കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ കാലപ്പഴക്കം മൂലം നടപ്പാലങ്ങൾ വേണ്ടത്ര ഉപയോഗിക്കാതെയായി. ഇതോടെ പലഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ചു, ഗുണനിലവാരം ഇല്ലാത്ത ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള നിർമ്മാണമാണ് നടത്തിയതെന്ന് ആരോപണമുണ്ട്. നിലവിൽ കാൽനടയാത്രക്കാർക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

കൊത്തുവാൽ ചാവടി പാലത്തിന് സമീപം കൊമേഴ്സ്യൽ കനാലിൽ നഗരസഭ നിർമ്മിച്ച നടപ്പാലം 20 വർഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നഗരസഭ വേണ്ടത്ര ജാഗ്രത കാട്ടാത്തതിനാൽ, പാലത്തിന്റെ ദ്രവിച്ച ഭാഗങ്ങൾ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ മോഷ്ടിച്ച് ആക്രിക്കടകളിൽ വിറ്റഴിച്ചിരുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 1990ൽ ആണ് ഫയർഫോഴ്സ് ഓഫീസിന് സമീപത്ത് നടപ്പാലം നിർമ്മിച്ചത്. മേൽഭാഗത്തെ ഇരുമ്പ് ഷീറ്റ് ദ്രവിച്ചതിനാൽ പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പാലം. മന്ത്രി തോമസ് ഐസക്കിന്റെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് ട്രാഫിക് സ്റ്റേഷന്റെ സമീപം നടപ്പാലം നിർമ്മിച്ചത്. കൃത്യമായി വാർഷിക അറ്റകുറ്റപ്പണി നടത്താത്തതിനാൽ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്.

 തിരക്കിലും തുരുമ്പിക്കുന്നു

നഗരത്തിൽ ഏറ്റവും അധികം തിരക്കുള്ള ഭാഗമാണ് ജില്ലാക്കോടതി പാലം. ഇതിന് സമാന്തരമായി നടപ്പാലം നിർമ്മിച്ചെങ്കിലും രണ്ട് പതിറ്റാണ്ട് കാലമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ നാശത്തിന്റെ വക്കിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി ഇല്ലാത്തതിനാൽ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ് പാലം.

...................

പാലങ്ങളുടെ നവീകരണം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകാതെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെണ്ടർ ചെയ്യും

ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരഭസാ ചെയർമാൻ

...................

സമാന്തര നടപ്പാലങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അപകടാവസ്ഥയിലാണ്. ഇരുമ്പ്ഷീറ്റിന് പകരം കിഫ്ബിയിൽ

ഉൾപ്പെടുത്തി കോൺക്രീറ്റ് പാലം നിർമ്മിക്കണം

ബഷീർ കോയാപറമ്പിൽ, ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി