ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് റേഷൻ കാർഡുടമകൾക്കുള്ള 11 ഇന പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റിന്റെ വിതരണം ഇന്ന് ആരംഭിക്കാനിരിക്കേ, റേഷൻ കടകളിലെ ഇ പോസ് തകരാർ വെല്ലുവിളിയാകുമെന്ന് ആശങ്ക. സെർവർ തകരാർ മൂലം കാർഡുടമകളും വ്യാപാരികളും തമ്മിൽ വാക്കു തർക്കം പതിവാണ്. കൊവിഡ് കേസുകൾ പെരുകുന്നതിനാൽ കൂടുതൽ ആളുകൾ അരി വാങ്ങാനായി എത്തുന്നുണ്ട്. ഈ അവസരത്തിൽ ഇ പോസ് തകരാർ മൂലം വിതരണം തടസപ്പെടുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. രണ്ടര വർഷം മുമ്പാണ് ഇ പോസ് സംവിധാനം നിലവിൽ വന്നത്. തുടക്കം മുതൽ തന്നെ സാങ്കേതിക തകരാറുകളും പതിവാണ്. അധികാരികളോട് പരാതി പറഞ്ഞ് കുഴഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. സെർവർ തകരാറിലാകുമ്പോൾ, പകരം മാനുവലായി ചെയ്യാനുള്ള സംവിധാനമില്ല.

................

കേന്ദ്ര സൗജന്യ റേഷനൊപ്പം, ഇന്നു മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കുമ്പോൾ ഇ പോസ് മെഷീൻ വെല്ലുവിളി ഉയർത്തുകയാണ്. അധികാരികളുടെ ഭാഗത്ത് നിന്ന്‌ അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടകൾ അടിച്ചിടും. - എൻ.ഷിജിർ, കെ.എസ്.ആർ.ആർ.ഡി.എ സ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി

....................

ജില്ലയിൽ 1233 റേഷൻ കടകൾ

5,88,259 കാർഡുകൾ

..................

ഓണക്കിറ്റ്

ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ്. (മഞ്ഞക്കാർഡ്) - ആഗസ്റ്റ് 13, 14, 16

മുൻഗണന വിഭാഗക്കാർക്ക് ( പിങ്ക് കാർഡ്) - 19, 20, 21, 22 തിയതികളിൽ കിറ്റ് വാങ്ങാം

ഓണത്തിന് മുമ്പായി, ശേഷിക്കുന്ന വിഭാഗക്കാർക്കുള്ള ( നീല, വെള്ള കാർഡുകൾ) കിറ്റ് വിതരണം ചെയ്യും.

റേഷൻ വാങ്ങുന്ന അതേ കടയിൽ നിന്ന് തന്നെ ഓണക്കിറ്റ് ലഭിക്കും