house

ആലപ്പുഴ: വെള്ളപ്പൊക്കവും കൊവിഡും ഇടംവലം നിൽക്കുന്നതിനാൽ ഹൗസ് ബോട്ടിനെ വീടാക്കിയിരിക്കുകയാണ് തിരുമല പോഞ്ഞിക്കരയിലെ 10 കുടുംബങ്ങൾ. ആലപ്പുഴ ആസ്ഥാനമായ റോയൽ റിവേഴ്സ് ക്രൂയിസ് എന്ന ഹൗസ് ബോട്ട് കമ്പനിയാണ് വെള്ളപ്പൊക്ക കാലത്ത് കിടപ്പാടം ഒരുക്കുന്നത്.

റോയൽ റിവേഴ്സ് ഉടമ പുത്തൻചിറയിൽ വീട്ടിൽ രാഹുൽ രമേഷാണ് കമ്പനിയിലെ പത്ത് ബോട്ടുകൾ വിവിധ കുടുംബങ്ങൾക്ക് താമസിക്കാൻ വിട്ടുനൽകിയത്. പോഞ്ഞിക്കരയിലെ വീടിനു മുന്നിൽ കായലരികിൽ തന്നെയാണ് ബോട്ടുകളെല്ലാം നങ്കൂരമിട്ടിരിക്കുന്നത്. രാഹുലിന്റെ അമ്മയും ഭാര്യയും മക്കളുമുൾപ്പടെയുള്ള കുടുംബവും ബോട്ടിലാണ് താമസം. പ്രദേശത്തെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതോടെ രാഹുൽ തന്നെയാണ് അയൽവാസികളെ ബോട്ടിൽ താമസിക്കാൻ ക്ഷണിച്ചത്. എല്ലാ വീടുകളിൽ നിന്നും പാചകത്തിനുള്ള സാധനങ്ങളടക്കമാണ് ആളുകളെത്തിയത്. തിങ്കളാഴ്ച്ച മുതൽ ഒൻപത് കുടുംബങ്ങളും ബോട്ടിലുണ്ട്. രണ്ട് മുതൽ നാല് ബെഡ് റൂം വരെയുള്ള ബോട്ടുകളാണ് വിട്ടുനൽകിയിരിക്കുന്നത്. 9 കുടുംബങ്ങളിലെ 44 പേരാണ് താമസക്കാർ. പോഞ്ഞിക്കര സ്വദേശികളായ സിന്ദു, ഗായത്രി, സണ്ണി, ഷാജി, അനിൽ, സിനീഷ്, ഗിരീഷ്, സജിത്, വിനോദ് എന്നിവരുടെ കുടുംബങ്ങളാണ് ഹൗസ് ബോട്ടിലേക്ക് താമസം മാറിയത്. കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് കിടപ്പുരോഗികളെയടക്കം മോട്ടോർ ബോട്ടിൽ സൗജന്യമായി കരയ്ക്കെത്തിക്കുന്നതിലും മുന്നിലുണ്ട് രാഹുലും കൂട്ടരും.

.................

കൊവിഡ് രൂക്ഷമാകുന്ന കാലത്ത് ക്യാമ്പുകളെ ആശ്രയിക്കുന്നത് ദോഷം ചെയ്യും. അതുകൊണ്ടാണ് അയൽവാസികൾക്കടക്കം താമസ സൗകര്യം ബോട്ടിലൊരുക്കാമെന്ന് തീരുമാനിച്ചത്. ലോക്ക് ഡൗൺ മുതൽ ബോട്ടുകൾ ഓട്ടമില്ലാതെ കിടക്കുകയാണ്. മോട്ടോർ ബോട്ട് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്

രാഹുൽ രമേഷ്

..........................

വീടാകെ വെള്ളത്തിൽ മുങ്ങി. ജീവൻ രക്ഷിക്കാൻ ഇത്രയും സൗകര്യങ്ങളുള്ള ബോട്ട് ലഭിച്ചതിൽ ഏറെ സന്തോഷം. എല്ലാവരും ഒരു കുടുംബമായി കഴിയുകയാണിവിടെ. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതുമെല്ലാം ഒരുമിച്ചാണ്

സിന്ധു