ആലപ്പുഴ: ഇന്നലെ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ജില്ലയിൽ ശക്തമായി തുടരുന്നതിനാൽ കുട്ടനാട് ജലനിരപ്പിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുന്നു. തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്ക് നീരോഴുക്ക് ശക്തമായി തുടരുന്നു. ഇന്നലെ വരെ ജില്ലയിൽ 110ക്യാമ്പുകളിൽ 2541കുടുംബങ്ങളിലെ 7423പേരെ മാറ്റി പാർപ്പിച്ചു. ചിലയിടങ്ങളിൽ ജലനിരപ്പ് താഴ്ന്നതിനാൽ 11ദുരിതാശ്വാസക്യാമ്പുകൾ ഒഴിവാക്കി. പ്രഥമിക കണക്കെടുപ്പ് അനുസരിച്ച് 1420ലക്ഷംരൂപയുടെ കൃഷിനാശവും കെ.എസ്.ഇ.ബിക്ക് രണ്ട് ലക്ഷവും നഗരസഭ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾക്ക് 130ലക്ഷവും പൊതുവരാമത്ത് വകുപ്പിന്റെ റോഡും കെട്ടിടങ്ങൾക്ക് 45ലക്ഷവും ജലഅതോറിറ്റിക്ക് 3.5ലക്ഷവും രൂപ വീതം നഷ്ടം സംഭവിച്ചു. കന്നുകാലികൾ ചാത്തതും കാലിതൊഴുത്തുകൾ നിലംപതിച്ചതും കോഴി താറാവ് ഒഴുക്കിൽ പെട്ടും കാണാതായത് ഉൾപ്പെടെ 127ലക്ഷം രൂപയുടെ നാശമാണ് മൃഗസംരക്ഷണ വകുപ്പിന് ഉണ്ടായത്. കുട്ടനാട്ടിൽ ജലനിരപ്പ് താഴാത്തതിനാൽ വിളവ് ഇറക്കിയ കർഷകർ ആശങ്കയിലാണ്. പലപാടശേഖരങ്ങളുടെയും പുംബണ്ടിന് സമാനമായിട്ടാണ് ആറുകളിലെ ജലനിരപ്പ്. മഴകനത്താൽ മഴവീഴ്ച ഉറപ്പാണ്. അപ്പർകുട്ടനാട്ടിലും കരിനിലങ്ങളിലും സ്ഥിതി ഇതുതന്നെ. കുട്ടനാട് കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിൽ ഓണക്കാലത്തേക്ക് വേണ്ടി വിളവ് ഇറക്കിയ വിഷരഹിത പച്ചക്കറി കൃഷി പൂർണ്ണമായും നശിച്ചു.