vs-sunilkumar


ആലപ്പുഴ: കുട്ടനാട്ടിൽ മട വീഴ്ച ഉണ്ടായ പാടശേഖരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മട കുത്തണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസ് യോഗത്തിലാണ് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയത്. അതത് പാടശേഖര സമിതികളാണ് മട കുത്തേണ്ടത്. കൃഷിക്കാർക്കുണ്ടായ നഷ്ടപരിഹാരം ഉടൻ തിട്ടപ്പെടുത്തണം. കൃഷി നാശത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ആവശ്യമെങ്കിൽ ഡ്രോൺ സൗകര്യം ഉപയോഗിക്കണം. വിവിധ വകുപ്പുകളെ ചേർത്ത് കമ്മിറ്റി രൂപീകരിച്ച് വെള്ളം വറ്റിക്കൽ, ചെളിനീക്കൽ തുടങ്ങിയവ ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ കളക്ടർ എ അലക്‌സാണ്ടർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ലത മേരി ജോർജ്, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 മട വീണത് 37 പാടശേഖരങ്ങളിൽ

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ, ജലസേചനം, പുഞ്ച സ്‌പെഷ്യൽ ഓഫീസർ, കുട്ടനാട് പാക്കേജ് എൻജിനി​യർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. രണ്ടാം കൃഷി നശിച്ചവർക്ക് ആവശ്യമെങ്കിൽ വീണ്ടും കൃഷി ചെയ്യുന്നതിനായി നൽകേണ്ട വിത്തുകളുടെ കണക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ തിട്ടപ്പെടുത്തണം. 4322.94 ഹെക്ടർ പാടശേഖരത്തിലാണ് നിലവിൽ വെള്ളം കെട്ടി നില്കുന്നത്. 37 പാടശേഖരങ്ങളിൽ മട വീണു. 50 പാടശേഖരങ്ങളിൽ വെള്ളം കവിഞ്ഞ് ഒഴുകി.