ഹരിപ്പാട്: അപ്പർ കുട്ടനാട്ടിൽ വെള്ളമിറങ്ങി തുടങ്ങിയതോടെ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ പിരിച്ചു വിട്ടു. തൃക്കുന്നപ്പുഴയിലും കായംകുളത്തും പ്രവർത്തിച്ച ക്യാമ്പുകളാണ് നിറുത്തിയത്.
നിലവിൽ 25 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളമിറക്കം കൂട്ടുകയും മഴകുറയുകയും ചെയ്താൽ ക്യാമ്പുകൾ ഓരോന്നായി പിരിച്ചുവിടുമെന്ന് താലൂക്ക് ഒഫീസർ ഡി.സി.ദിലീപ് പറഞ്ഞു. വെള്ളം കയറിയ ശേഷം ഒഴിഞ്ഞുമാറിയ വീടുകളിൽ ശുചീകരണ പ്രവർത്തനം നടത്താൻ പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ സംഘടനകൾ തയ്യാറെടുക്കുന്നുണ്ട്. വെള്ളം ഒഴിഞ്ഞു മാറിയ വീടുകളിൽ ഒന്നിന്റെ ഭിത്തി തകർന്നു വീണു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീയപുരം രണ്ടാം വാർഡിൽ നന്ദൻ കേരിൽ അബ്ദുൽ മജീദിന്റെ വീടിന്റെ ഭിത്തിയാണ് തകർന്നത്. വീട്ടുകാർ ക്യാമ്പിൽ താമസിച്ചു വരികയാണ്. വാർഡ് അംഗം ആബിദ ബീഗം വീട് സന്ദർശിച്ച ശേഷം റവന്യു അധികൃതരെ വിവരം അറിയിച്ചു. വെള്ളമിറങ്ങുന്ന പശ്ചാത്തലത്തിൽ മണ്ണിളക്കമുണ്ടാകുന്നതിനാൽ ദുർബല വീടുകൾ വീഴാൻ സാദ്ധ്യതയുണ്ടെന്നും വീട്ടുകാർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.