എടത്വ: മഴ ശമിച്ചതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചെങ്കിലും കുട്ടനാട്ടിൽ ദുരിതം ഒഴിയുന്നില്ല. പലായനം ചെയ്തവർ തിരികെ വീട്ടിലെത്തുമ്പോൾ കാത്തിരിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്.
അരപ്പൊക്കം വെള്ളം കയറിയ വീടുകൾ നിരവധിയുണ്ട്. വെള്ളം ഒഴിയുന്ന വീടുകളിലെ ശുചീകരണവും ഇലക്ട്രിക്-ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതും വലിയ വെല്ലുവിളിയാണ്. 2018ലെ പ്രളയത്തിന് സമാനമായി വെള്ളം ഉയർന്നില്ലെങ്കിലും കുറച്ചു ദിവസങ്ങളായി കുട്ടനാട്ടുകാർ ദുരിതത്തിലായിരുന്നു. ആളില്ലാത്ത വീടുകളിൽ ഇഴജന്തുക്കൾ ഇടമുറിപ്പിച്ചിട്ടുണ്ടാവും. കഴിഞ്ഞ പ്രളയകാലത്ത് ക്യാമ്പുകളിലേക്ക് മാറിയിരുന്നവർ ഇടയ്ക്ക് വള്ളങ്ങളിലോ മറ്റോ വന്ന് വീട് കണ്ടിരുന്നു. ഇക്കുറി വീടുപേക്ഷിച്ച് ബന്ധുവീടുകളിലേക്കും മറ്റുമാണ് കുട്ടനാട്ടുകാർ ചേക്കേറിയിരിക്കുന്നത്.
അടുക്കളത്തോട്ടം മുതൽ രണ്ടാംകൃഷി വരെ വെള്ളത്തിൽ മുങ്ങിയതും കുട്ടനാട്ടുകാരെ ഏറെ ദു:ഖത്തിലാഴ്ത്തുന്നു. കുട്ടനാട്ടിൽ രണ്ടാംകൃഷി ഏറ്റവും കൂടുതലുണ്ടായിരുന്ന തകഴി കൃഷിഭവനിലെ അഞ്ചോളം പാടങ്ങളാണ് ബണ്ട് മുറിഞ്ഞും കര കവിഞ്ഞും നശിച്ചത്. ഓണം സീസൺ മുന്നിൽ കണ്ട് കരകൃഷി ചെയ്ത കർഷകർക്കും കനത്ത നഷ്ടമാണ് സംഭവിച്ചത്. ഏത്തവാഴ കൃഷി പാടേ നശിച്ചു. പടവലം, പാവൽ, പയർ, ചീര, വെണ്ട, വഴുതന തുടങ്ങിയവ നിലംപറ്റി. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഒട്ടുമിക്ക ഗ്രൂപ്പുകളും കൃഷി ഇറക്കിയത്.