ചേർത്തല: നഗര അതിർത്തികളുടെ തീരപ്രദേശം ഉൾപ്പെടുന്ന സമീപ പഞ്ചായത്തുകളിൽ കൊവിഡ് ബാധിതരുടെ ദിനം പ്രതിയുള്ള വർദ്ധനവ് ഭീതി പരത്തുന്നു.
നഗരത്തിലെ രണ്ട് വാർഡുകൾ മാത്രമേ നിലവിൽ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളൂ.മറ്റു വാർഡുകളിൽ പുതിയതായി കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുമില്ല.എന്നാൽ സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ നഗരത്തിലേക്കു വ്യാപിക്കുമോയെന്ന ഭീതിയിലാണ് ആരോഗ്യ പ്രവർത്തകർ.
പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരിൽ നല്ലൊരു ശതമാനവും ചേർത്തല നഗരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. വ്യാപാരമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കുമായി ചേർത്തലയിലേക്കാണ് എത്തുന്നത്.അതിനാലാണ് കൂടുതൽ ആശങ്ക.രോഗ വ്യാപനം കൂടുതലുള്ള സമീപ പഞ്ചായത്തുകളിൽ നിന്നും നഗരത്തിലേയ്ക്ക് എത്തുന്നതോടെ സമ്പർക്കം മൂലമുള്ള രോഗ വ്യാപനത്തിനും കാരണമാകാം.കഴിഞ്ഞ ദിവസം നഗരത്തിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ സാഹചര്യമൊരുക്കിയത് കൊവിഡ് ബാധിതരുടെ സന്ദർശനം മൂലമാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് നഗരത്തിൽ എത്തുന്നവരെ നിയന്ത്രിക്കാനും രോഗവ്യാപനം തടയാനും വേണ്ട മുന്നൊരുക്കങ്ങൾ നഗരസഭ ആരോഗ്യ വകുപ്പ് സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.
ഓണം അടുത്തു വരുന്നതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കും.ഇത് മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങളും കർശമായി കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കേണ്ട ചുമതല നഗരസഭ ഏറ്റെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമീപ പഞ്ചായത്തായ കടക്കരപ്പള്ളി ലാർജ്ജ് ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും മറ്റ് രണ്ട് പഞ്ചായത്തുകളിലെ കൂടുതൽ പ്രദേശങ്ങൾ കണ്ടയിൻമെന്റ് സോണായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ തീരദേശ മേഖലയിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പോലും തുറക്കാൻ കഴിയാത്ത നിലയിലാണ്. തിരക്കേറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കൊവിഡ് വ്യാപനം തടയുന്നതിനായി താലൂക്കിലെ ആരോഗ്യ വകുപ്പും പൊലീസും മറ്റ് വകുപ്പുകളും സന്നദ്ധ സംഘടനകളും വിവിധ സ്ക്വാഡുകളായി തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ ഉൗജ്ജിതമാക്കണമെന്നാണ് ആവശ്യം.