photo

ചേർത്തല: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം പ്രത്യേക യൂണി​റ്റ് എസ്.പി കെ.ഇ.ബൈജു അന്വേഷണ മികവിനുള്ള, കേന്ദ്ര ആഭ്യന്തരമന്ത്റിയുടെ പുരസ്‌കാരത്തിന് അർഹനായത്
ജില്ലയ്ക്ക് അഭിമാനമായി.

30 വർഷത്തെ പൊലീസ് സേവനത്തിൽ പുരസ്‌കാരങ്ങൾ അനവധി സ്വന്തമാക്കിയ ബൈജു ചേർത്തല നഗരസഭ മൂന്നാം വാർഡിൽ ഇലഞ്ഞിക്കുഴി കൃഷ്ണമൂർത്തി-രാജമ്മമൂർത്തി ദമ്പതികളുടെ മകനാണ്.

ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്റാലയം അന്വേഷണ മികവിനുള്ള പുരസ്‌കാരത്തിന് അർഹരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തിറക്കിയത്. 1990ൽ പൊലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച ബൈജുവിന് 128 തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ചു. 25 തവണയാണ് വകുപ്പിന്റെ അഭിനന്ദനം സ്വന്തമാക്കിയത്.

2012 മുതൽ മുഖ്യമന്ത്റിയുടെ പൊലീസ് മെഡൽ, 2007ലും 2015ലും യു.എൻ പൊലീസ് മെഡൽ, 2011ലും 17ലും ബാഡ്ജ് ഒഫ് ഓണർ എന്നിങ്ങനെ പട്ടിക നീളുന്നു. 2007ൽ യു.എൻ സമാധാനസേനയിൽ യൂറോപ്പിലും 2015ൽ യു.എൻ ദൗത്യത്തിൽ അമേരിക്കയിലും സേവനം അനുഷ്ഠിച്ചു. സൈബർ കു​റ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പുലർത്തിയ മികവിന് 2017ൽ ഡേ​റ്റാ സെക്യൂരി​റ്റി കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ അവാർഡും സ്വന്തമാക്കി.

ദേശീയതലത്തിൽ ശ്രദ്ധയാർജിച്ച ബണ്ടിചോർ കേസ്, 2015ൽ റുമാനിയൻ സംഘത്തിന്റെ എ.ടി.എം തട്ടിപ്പ് കേസ്, പ്രമാദമായ നന്ദൻകോട് കൊലക്കേസ് എന്നിവയുടെ അന്വേഷണം വിജയം കണ്ടതിൽ നിയമ ബിരുദധാരി കൂടിയായ ബൈജുവിന്റെ അന്വേഷണ പാടവം പ്രധാന ഘടകമായിരുന്നു. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിസങ്കീർണമായ കേസുകൾ തെളിയിക്കുന്നതിലും കു​റ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും പുലർത്തുന്ന വൈഭവമാണ് വീണ്ടും ദേശീയ അവാർഡിന് ബൈജുവിനെ അർഹനാക്കിയത്. ഭാര്യ: ടി.എം.പൂർണിമ. മകൻ: സിദ്ധാർത്ഥ് ബി.പൈ.