ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് 108 ആംബുലൻസ് മാതൃകയിൽ സജ്ജീകരിച്ച റെസ്‌ക്യു ബോട്ടുകൾ ജില്ലയിൽ സർവീസ് ആരംഭിച്ചു. 24 മണിക്കൂറും സേവനം ലഭ്യമാണ്.മുഹമ്മ, ആലപ്പുഴ സ്റ്റേഷനുകളിലെ റെസ്‌ക്യു ബോട്ടുകളാണ് രംഗത്തുള്ളത്. ജലഗതാഗതം മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടിലെ കാവാലം, പുളിങ്കുന്ന്, കിടങ്ങറ, കൈനകരി പ്രദേശങ്ങളിൽ നിന്നു കിടപ്പുരോഗികൾ, ഗർഭിണികളായ കൊവിഡ് രോഗികൾ തുടങ്ങിയവരെ റസ്ക്യു ബോട്ടുകളിൽ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. എട്ട് കൊവിഡ് രോഗികൾ അടക്കം 34 പേരെയാണ് റെസ്‌ക്യു ബോട്ടുകളിൽ ആശുപത്രിയിൽ എത്തിച്ചത്. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായരുടെ നിർദ്ദേശ പ്രകാരമാണ് 24 മണിക്കൂറും റെസ്‌ക്യൂ ബോട്ട് സജ്ജമാക്കിയത്. എല്ലാ ജീവനക്കാരും പി.പി.ഇ കിറ്റ് ധരിച്ചാണ് ജോലിക്കെത്തുന്നത്. മുഹമ്മയിൽ നിന്നു വന്ന റെസ്‌ക്യു ബോട്ടിനു സ്രാങ്ക് സി.എൻ.ഓമനക്കുട്ടൻ നേതൃത്വം നൽകി. ബോട്ട് യാത്രയ്ക്കിടെയുണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയ അനുഭവസമ്പത്തുള്ള ആളാണ് ഓമനക്കുട്ടൻ. ഇതിന് ആദരവും പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്. ലാസ്‌കർമാരായ ടി.ആർ.റോയി, ആർ.വി.രതീഷ്‌കുമാർ എന്നിവരും സേവനത്തിൽ പങ്കാളികളായി.
ആലപ്പുഴ സ്റ്റേഷനിൽ നിന്നുള്ള റെസ്‌ക്യു ബോട്ടിനു സ്രാങ്കുമാരായ സി.ടി.ആദർശ്, സി.എം.സുമേഷ്, ലാസ്‌കർ ആർ.രാജ്കുമാർ, ഡ്രൈവർ അനിൽ, മുജീവ് തുടങ്ങിയവരാണ് മേൽനോട്ടം വഹിക്കുന്നത്. സ്വന്തം പണം ചെലവഴിച്ച് പി.പി.ഇ കിറ്റ് വാങ്ങി ഉപയോഗിക്കുന്ന ജീവനക്കാരനാണ് ആലപ്പുഴ ജെട്ടിയിലെ സി.ടി.ആദർശ്.
കൊവിഡ് പരിശോധന നടത്തണം
സംസ്ഥാന ജലഗതാഗത വകുപ്പ് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ ദിവസവും വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനാൽ എല്ലാവർക്കും അടിയന്തിരമായി കൊവിഡ് പരിശോധ നടത്തണമെന്ന് എൻ.ജി.ഒ സംഘ് ആലപ്പുഴ ടൗൺ നോർത്ത് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് എസ്.നാഗേഷ് കുമാർ, സെക്രട്ടറി ടി.ആർ.ആദർശ്, ജോയിന്റ് സെക്രട്ടറി ആർ. രാജ്കുമാർ, വൈസ് പ്രസിഡന്റ് ഒ.ജെ.കുര്യൻ, കാർത്തികേയൻ, ഗോപൻ തുടങ്ങിയവർ സംസാരിച്ചു.