ആരോഗ്യവകുപ്പ് ജീവനക്കാർ പ്രതിഷേധത്തിൽ
ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ അഡ്ഹോക് വ്യവസ്ഥയിൽ പുനർനിയമനം നൽകിയ, ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും വിരമിച്ച ജീവനക്കാർക്ക് മാസങ്ങൾ പിന്നിടുമ്പോഴും വേതനം ലഭിക്കുന്നില്ലെന്ന് പരാതി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് മാർച്ച് 31ന് വിരമിച്ച ജീവനക്കാരിൽ സമ്മതമുള്ളവരെ വീണ്ടും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
ഈ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടക്കുന്നത് വരെയോ ആല്ലെങ്കിൽ പരമാവധി മൂന്ന് മാസക്കാലയളവിലേക്കോ (ജൂൺ 30 വരെ) എന്നായിരുന്നു ഉത്തരവിൽ സൂചിപ്പിച്ചിരുന്നത്. പ്രതിദിന വേതനമായി 830 രൂപയോ, അടിസ്ഥാന ശമ്പളത്തിൽ നിന്ന് പെൻഷൻ തുക വെട്ടിക്കുറച്ച ശേഷമുള്ള തുകയോ വേതനമായി നൽകുമെന്നാണ് അറിയിച്ചിരുന്നതെന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് ഒന്ന് തസ്തികയിൽ നിന്ന് വിരമിച്ച നഴ്സ് പറയുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒരു രൂപ പോലും നൽകിയിട്ടില്ല. ആദ്യ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെ, ജൂൺ 30 വരെ വിരമിച്ച ജീവനക്കാർക്ക് അവസരം നൽകിക്കൊണ്ട് സർക്കാർ രണ്ടാമതും ഉത്തരവ് പുറത്തിറക്കിയിരുന്നു.
സെപ്തംബർ 30 വരെയാണ് നിയമനം സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ് ആലപ്പുഴ ഡി.എം.ഒ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും, ജൂൺ വരെ ജോലി ചെയ്ത ശമ്പളം സംബന്ധിച്ച് യാതൊരു മറുപടിയും നൽകുന്നില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ജോലി ചെയ്യേണ്ട കാലാവധിയടക്കം മുദ്രപത്രത്തിൽ രേഖപ്പെടുത്തി ഒപ്പിടുവിച്ച ശേഷമായിരുന്നു താത്കാലിക നിയമനം. കൊവിഡ് അവസാനിക്കാത്ത പശ്ചാത്തലത്തിൽ സർക്കാർ വീണ്ടും ഉത്തരവിറക്കിയിട്ടും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ല. സർക്കാർ ഉത്തരവ് പി.എച്ച്.സികൾ മുഖേന ഡി.എം.ഒയ്ക്ക് അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചപ്പോഴാണ് ചിലർക്കെങ്കിലും വീണ്ടും നിയമനം ലഭിച്ചതെന്നും ജീവനക്കാർ പറയുന്നു.
..................
ആദ്യ ഉത്തരവ്: മാർച്ച് 31 വരെ വിരമിച്ചവർക്ക് ജൂൺ 30 വരെ ജോലി
രണ്ടാമത്തെ ഉത്തരവ്: ജൂൺ 30 വരെ വിരമിച്ചവർക്ക് സെപ്തംബർ 30 വരെ താത്കാലികമായി തുടരാം
......................
വീണ്ടും കൊവിഡ് ഡ്യൂട്ടിയിൽ തുടരാൻ താത്പര്യമുള്ളവരിൽ നിന്ന് സമ്മതപത്രം വാങ്ങിയ ശേഷമായിരുന്നു നിയമനം. മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം നൽകുന്നില്ല. വിരമിച്ച ജീവനക്കാരുടെ സേവനം തുടർന്നും ആവശ്യമാണെന്ന് ഉത്തരവുണ്ടായിട്ടും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല
റിട്ട. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഗ്രേഡ് വൺ
........................