താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പാതിവഴിയിൽ
ചേർത്തല: തീരപ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ചേർത്തല താലൂക്കിൽ കൊവിഡ് ആശുപത്രി സജ്ജീകരിക്കാത്തതിനാൽ പ്രതിഷേധം. ഇന്നലെ നഗരത്തിൽ എട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചേർത്തലയിൽ ആരോഗ്യവകുപ്പിന് കീഴിൽ ചേർത്തലയിലും തുറവൂരിലും രണ്ട് ആശുപത്രികളാണ് പ്രവർത്തിക്കുന്നത്. ചേർത്തല താലൂക്ക് ആശുപത്രി 60 കിടക്കളോടുകൂടിയ കൊവിഡ് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ നഗരസഭ നീക്കുന്നതിനിടെയാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൊവിഡ് ബാധിച്ചത്. തുടർന്ന് ആശുപത്രി അടച്ചു പൂട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുകയും നഗരസഭ നേരത്തെ കൈമാറിയിരുന്നു. അടച്ചുപൂട്ടിയ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചെങ്കിലും കൊവിഡ് ചികിത്സ വാർഡുകൾ തുറക്കുന്നതിനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.
വടക്ക് അരൂർ മുതൽ തെക്ക് മാരാരിക്കുളം വടക്ക് പഞ്ചായത്ത് അതിർത്തി വരെയുള്ള തീരപ്രദേങ്ങളും,കിഴക്കൻ കായലോര പ്രദേശങ്ങളും ഉൾപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരിൽ രോഗബാധ ഉണ്ടായാൽ കിലോമീറ്ററുകൾ ദൂരെയുള്ള ആലപ്പുഴ മെഡി. ആശുപത്രിയിലോ കായംകുളം താലൂക്ക് ആശുപത്രിയിലോ പ്രവേശിപ്പിക്കേണ്ട അവസ്ഥയാണ്. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പരിഹാരമെന്ന നിലയിലാണ് താലൂക്കിൽ കൊവിഡ് ആശുപത്രി തുറക്കണമെന്ന ആവശ്യമുള്ളത്. കയർ,കാർഷിക,മത്സ്യ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇവിടുള്ളത്. ചേർത്തലയിലോ തുറവൂരോ അടിയന്തിരമായി കൊവിഡ് ആശുപത്രി തുറക്കണമെന്നാണ് ആവശ്യം.
കടക്കരപ്പള്ളി 200ലേക്ക്
കടക്കരപ്പള്ളിയിൽ രോഗികളുടെ എണ്ണം 200ലേക്ക് അടുക്കുന്നു.കഴിഞ്ഞ ദിവസം സ്രവപരിശോധന നടത്തിയ 69ൽ 46 പേരും പോസിറ്റീവായതോടെ കടക്കരപ്പള്ളി ഭീതിയിലായി. ഒന്ന്,14 വാർഡുകളിൽപ്പെടുന്ന തീരദേശ മേഖലയിലാണ് രോഗികളെല്ലാം.
തീവ്ര രോഗവ്യാപന മേഖലയായതോടെ തീരദേശത്ത് എല്ലാവർക്കും പരിശോധന നടത്തുന്നുണ്ട്. ഇന്ന് 500 പേരുടെ പരിശോധനയാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. കഴിവതും സ്രവപരിശോധന നടത്താനാണ് ശ്രമം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ആശയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ.
ആശ്വസിക്കാം
വയലാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ, നിരീക്ഷണത്തിലായിരുന്ന നാല് ആരോഗ്യ പ്രവർത്തകരുടെ ഫലം നെഗറ്റീവായി. ആശുപത്രിയിലെ നഴ്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു. ആശുപത്രി പ്രവർത്തനം ക്രമപ്പെടുത്തിയിട്ടുണ്ട്.