s

 അടുത്തമാസം വണ്ടിയോടും

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ നിർമ്മാണ ജോലികൾ ഈ മാസം അവസാനത്തോടെ പൂർത്തിയായേക്കും. കുതിരപ്പന്തിയിലെ റെയിൽവെ ഓവർബ്രിഡ്ജിന്റെ ഒരു സ്പാൻ കൂടി കോൺക്രീറ്റ് ചെയ്യാനുണ്ട്. 98 സ്പാനുകളാണ് രണ്ട് റെയിൽവെ ഓവർബ്രിഡ്ജുകളുള്ള ബൈപാസിലുള്ളത്.

നല്ല നിലയിൽ പണികൾ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡും കാലവർഷവുമെത്തിയത്. ഇതോടെ വേഗം കുറഞ്ഞെങ്കിലും മൂന്ന് മാസത്തിനുള്ളിൽ പ്രധാന ജോലികളെല്ലാം തീർക്കാമെന്ന പ്രതീക്ഷയാണുള്ളത്. ഓവർബ്രിഡ്ജിന്റെ കോൺക്രീറ്രിംഗ് കഴിഞ്ഞാൽ സെറ്റാവാൻ 20 ദിവസം വേണ്ടിവരും. അതിന് ശേഷം ഉപരിതലത്തിൽ പ്ളാസ്റ്റിക് മിശ്രിതം ഉരുക്കി ഒഴിക്കണം. ഇതിന് ഒരു മാസമെങ്കിലും വേണം.ഉപരിതലത്തിലെ ടാറിംഗും കോൺക്രീറ്റും തമ്മിൽ ഉറപ്പിച്ച് നിറുത്താനാണ് പ്ളാസ്റ്റിക് മിശ്രിതം പൂശുന്നത്. ശേഷം ഉപരിതല ടാറിംഗ് നടത്തും. ഇതോടെ പ്രധാന ജോലികളെല്ലാം പൂർത്തിയാവും. കൊമ്മാടി, കളർകോട് ജംഗ്ഷൻ നവീകരണവും സർവീസ് റോഡുകളുടെ നിർമ്മാണവുമാണ് തീരാനുള്ളത്. ഈ മാസം അവസാനത്തോടെ അതും പൂർത്തിയാവും.

ബൈപാസ് നിർമ്മാണം പൂർത്തിയാവുന്നതോടെ ആലപ്പുഴ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് വിരാമമാവും. 2017ൽ പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതി ഓവർബ്രിഡ്ജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് വൈകിയത്. സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ നവീകരണവും സർവീസ് റോഡുകളുടെ നിർമാണവും നടത്തുന്നത്.

 പഴക്കം അര നൂറ്റാണ്ടോളം

ആലപ്പുഴ ബൈപാസിനു വേണ്ടിയുള്ള കാത്തിരിപ്പിന് അര നൂറ്റാണ്ട് പഴക്കമുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ അവസാന ഘട്ടത്തിൽ നാലിലൊന്ന് ജോലികൾ തീർത്തിരുന്നു. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി ജോലികൾ വേഗത്തിലാക്കിയത്. ഓവർബ്രിഡ്ജുകളുടെ നിർമ്മാണ അനുമതിക്ക് റെയിൽവേ വലിയ കാലതാമസമാണ് വരുത്തിയിരിക്കുന്നത്. മന്ത്രി ജി.സുധാകരൻ കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായി നിരന്തരം ബന്ധപ്പെട്ട് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് റെയിൽവേയുടെ അനുമതി കിട്ടിയത്.

.......................

അപ്രതീക്ഷിത തടസങ്ങളുണ്ടായില്ലെങ്കിൽ ഈ വർഷം അവസാനത്തോടെ ബൈപാസിലൂടെ ഗതാഗതം തുടങ്ങാനാവും

അനിൽ, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ